ദുബൈ നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നായ അൽഖൈൽ റോഡിൽ ഗതാഗതം സുഗമമാക്കുന്നതിന് വൻ പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). റോഡിലെ യാത്രാസമയം 30ശതമാനം കുറക്കുന്നതിന് സഹായിക്കുന്ന പദ്ധതിയിൽ അഞ്ച് മേൽപാലങ്ങൾ നിർമിക്കാനും ഏഴ് സ്ഥലങ്ങളിൽ റോഡ് വീതികൂട്ടാനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന് 70കോടി ദിർഹത്തിന്റെ കരാർ നൽകിയതായി അധികൃതർ വെളിപ്പെടുത്തി. അൽ ഖൈൽ റോഡ് വിപുലീകരണ പദ്ധതി വിവിധ ഭാഗങ്ങളിലായാണ് നടപ്പാക്കുക.
സഅബീൽ, മെയ്ദാൻ, അൽഖൂസ്-1, ഗദീർ അൽ തായിർ, ജുജൈറ വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.സമാന്തരമായി പോകുന്ന ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുടെ ശേഷി വർധിപ്പിക്കാനും പദ്ധതി വഴി കഴിയുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. ബിസിനസ് ബേ ക്രോസിങ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ വരെ നീളുന്ന ദുബൈയിലെ പ്രധാന ട്രാഫിക് കോറിഡോറുകളിലൊന്നാണ് അൽ ഖൈൽ റോഡ്. ഓരോ ദിശയിലും ആറ് വരികൾ ഉൾക്കൊള്ളുന്ന പാതയാണിത്.
പദ്ധതി അൽ ഖൈൽ റോഡിലെ ഏഴ് സ്ഥലങ്ങൾ മെച്ചപ്പെടുത്തുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു. സഅബീൽ പാലസ് സ്ട്രീറ്റിൽനിന്നും ഔദ് മേത്ത റോഡിൽനിന്നും അബൂദബി ദിശയിലുള്ള അൽ ഖൈൽ റോഡിലേക്ക് നേരിട്ട് ഗതാഗതം ബന്ധിപ്പിക്കുന്നതിന് മൂന്നുവരിപ്പാലം നിർമിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടും. അൽ മെയ്ദാൻ റോഡിൽനിന്ന് ദേരയുടെ ഭാഗത്തേക്കുള്ള അൽ ഖൈൽ റോഡ് ഗതാഗതത്തെ ബന്ധിപ്പിക്കുന്ന രണ്ടുവരിപ്പാലമാണ് പദ്ധതിയിലെ മറ്റൊരു പാലം. ഇതോടൊപ്പം അൽ മെയ്ദാൻ റോഡിൽ നിന്ന് അബൂദബിയുടെ ദിശയിലുള്ള അൽ ഖൈൽ റോഡിലേക്ക് ഗതാഗതം ബന്ധിപ്പിക്കുന്നതിന് രണ്ട് വരിപ്പാലവും നിർമിക്കുന്നത്. അഞ്ചു പാലങ്ങൾ ആകെ 3.3കി.മീറ്റർ നീളമുണ്ടാകും. മണിക്കൂറിൽ ഇവയിലൂടെ ആകെ 19,600 വാഹനങ്ങൾക്ക് പോകാനും സാധിക്കും.