യു.എന്നുമായി ചേർന്ന് ഉപഗ്രഹം വികസിപ്പിക്കുമെന്ന് ശൈഖ് ഹംദാൻ

Update: 2023-10-05 12:40 GMT

ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യ വകുപ്പിൻറെ സഹകരണത്തോടെ ഉപഗ്രഹം വികസിപ്പിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻററിന് (എം.ബി.ആർ.എസ്.സി) നിർദേശം നൽകി യു.എ.ഇ എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച വിവരം അദ്ദേഹം പുറത്തുവിട്ടത്.

ബഹിരാകാശ ഗവേഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളേയും സ്ഥാപനങ്ങളേയും പിന്തുണക്കാൻ ലക്ഷ്യമിട്ടാണ് പി.എച്ച്.ഐ-2 ഉപഗ്രഹം വികസിപ്പിക്കുന്നത്. എം.ബി.ആർ.എസ്.സി നിർമിക്കുന്ന ഉപഗ്രഹത്തിന് നൂതനാശയങ്ങളേയും സാങ്കേതികവിദ്യകളേയും ബഹിരാകാശത്തേക്ക് എത്തിക്കാൻ സാധിക്കും.

ഈ രംഗത്തെ രണ്ടാമത്തെ ഉപഗ്രഹമായിരിക്കുമത്. ശാസ്ത്രീയവും വിജ്ഞാനപ്രദവുമായ പുരോഗതിക്ക് സംഭാവന നൽകുന്ന, മനുഷ്യജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഏതൊരു നവീന ആശയത്തേയും പിന്തുണക്കുകയെന്നതാണ് ലക്ഷ്യമെന്നും ശൈഖ് ഹംദാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിൻറെ അധ്യക്ഷതയിൽ ചേർന്ന എം.ബി.ആർ.എസ്.സി യോഗം യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിൻറെ ഭാവിയിലേക്കുള്ള രൂപരേഖ തയാറാക്കിയിരുന്നു.

യു.എ.ഇയുടെ ബഹിരാകാശയാത്രയുടെ അടുത്തഘട്ടത്തോടെ ഇമാറാത്തി ബഹിരാകാശ സംരംഭകരംഗത്ത് വലിയ മാറ്റങ്ങൾക്കായിരിക്കും സാക്ഷ്യംവഹിക്കുക. യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ലയും നൂറ അൽ മത്രൂഷിയും ഉൾപ്പെടെയുള്ളവരുടെ യാത്രസംബന്ധിച്ചും അദ്ദേഹം ചർച്ച ചെയ്തിരുന്നു.

Tags:    

Similar News