ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

Update: 2024-03-13 12:46 GMT

ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. 2018-19 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപടി റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന് പിന്നാലെയാണ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചത്.

115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇൻകം ടാക്‌സ് ട്രൈബ്യൂണൽ കോൺഗ്രസിന്റെ ഹരജി തള്ളിയത്. പക്ഷേ, അത്രയും തുക അക്കൗണ്ടിൽ നിലനിർത്തിയപ്പോഴും 65 കോടിയോളം രൂപ ഇൻകം ടാക്‌സ് പിടിച്ചെടുത്തതായി കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. 2018-ലെ കുടിശ്ശിക വീണ്ടെടുക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയും നിരസിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നതാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. 200 കോടിയോളം രൂപ കോൺഗ്രസ് നികുതി അടയ്ക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്നാൽ അത്രയും തുക നൽകാനില്ലെന്നാണ് കോൺഗ്രസ് വാദം.

Tags:    

Similar News