അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്പോൾ സ്വീകരിക്കാൻ കുട്ടികൾക്ക് മടിയില്ല ; കണ്ടെത്തൽ സമൂഹിക പരീക്ഷണ സർവേയിൽ
അപരിചിതർ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിക്കുമ്പോൾ സ്വീകരിക്കാൻ 97ശതമാനം കുട്ടികൾക്കും മടിയില്ലെന്ന് സാമൂഹിക പരീക്ഷണ സർവേയിൽ കണ്ടെത്തി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന റിപ്പോർട്ട് സാമൂഹിക പരീക്ഷണത്തിനു ശേഷമാണ് ഷാർജ ചൈൽഡ് സേഫ്റ്റി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഐസ്ക്രീം നൽകാമെന്ന് ആവശ്യപ്പെടുമ്പോൾ പരീക്ഷണത്തിൽ പങ്കെടുത്ത 37 കുട്ടികളിൽ 36 പേരും അപരിചിതൻ ആവശ്യപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കുന്നതായാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. ഐസ്ക്രീം വാനിൽ പ്രവേശിക്കാനാണ് കുട്ടികൾക്ക് ഐസ്ക്രീം നൽകുന്നതിന് പകരമായി ആവശ്യപ്പെടുന്നത്. ഇതിന് കുട്ടികൾ സന്നദ്ധമാകുന്നുമുണ്ട്. ഇത് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന ഫലമാണെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.
ഷാർജയിലെ ക്ഷീഷാ പാർക്കിൽ നടത്തിയ ഈ പരീക്ഷണത്തിൽ കുടുംബങ്ങൾ തിങ്ങിനിറഞ്ഞ തിരക്കേറിയ പൊതു പാർക്കിൽ യഥാർഥ സാഹചര്യം സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഒരു കച്ചവടക്കാരൻ തന്റെ വാനിൽ കയറുന്നതിന് പകരമായി സൗജന്യമായി ഐസ്ക്രീം വാഗ്ദാനം ചെയ്ത് കുട്ടികളെ സമീപിക്കുകയാണ് ചെയ്തത്. മിക്ക കുട്ടികളും മടികൂടാതെ ഓഫർ സ്വീകരിക്കുകയായിരുന്നു. അപരിചിതരുമായി ഇടപെടുമ്പോൾ കുട്ടികൾ ശ്രദ്ധ പുലർത്തുന്നുണ്ടോ എന്ന് അറിയാനായിരുന്നു പരീക്ഷണം.
ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകേണ്ടതുണ്ടെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി വകുപ്പ് ചൂണ്ടിക്കാണിച്ചു. രക്ഷാകർത്താക്കളും അധ്യാപകരും സമൂഹവും ഇത്തരം കാര്യങ്ങളിൽ കുട്ടികളെ സഹായിക്കാനും സുരക്ഷ ഉറപ്പാക്കാനും ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അപരിചിതരുമായി ഇടപെടുന്ന സാഹചര്യങ്ങളിൽ സുരക്ഷിതമാകുന്നത് സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച ഓർമപ്പെടുത്തലാണ് ഈ പരീക്ഷണമെന്ന് വകുപ്പ് ഡയറക്ടർ ഹനാദി അൽ യാഫി പറഞ്ഞു. കുട്ടികളുടെ സുരക്ഷ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഹെൽപ്ലൈൻ നമ്പറായ 800-700ൽ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.