ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും അപകടവും തിരക്കും കുറക്കുന്നതിനും എമിറേറ്റിലെ പ്രധാന റോഡുകളിൽ ഈ മാസം 15 മുതൽ ബസ് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ച് അധികൃതർ. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ശൈഖ് സായിദ് പാലം മുതൽ ശൈഖ് സായിദ് ടണൽ വരെയാണ് (ഖുർറം സ്ട്രീറ്റ്) ബസ് ഗതാഗതം നിരോധിക്കുക.
ചെറുതും വലുതുമായ എല്ലാത്തരം ബസുകൾക്കും നിയമം ബാധകമാണ്. ഈ റോഡിന്റെ ഇരുവശങ്ങളിലും 24 മണിക്കൂറും നിരോധനമുണ്ട്. അതേസമയം, സ്കൂൾ ബസ്, പൊതുഗതാഗത ബസ്, പ്രദേശത്തെ നിർമാണ കേന്ദ്രങ്ങളിലേക്കു മാത്രം പോകുന്ന തൊഴിലാളികളുടെ ബസ് എന്നിവക്ക് ഇളവുണ്ട്.
ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) വാഹന ഉടമകളോട് അഭ്യർഥിച്ചു. നിയമലംഘകർക്ക് പിഴ ചുമത്തും.