‘സൈബര്‍ കുറ്റകൃത്യങ്ങള്‍ സൂക്ഷിക്കുക’യെന്ന വിഷയത്തില്‍ റാക് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനുമായി സഹകരിച്ച് റാക് പൊലീസ് പ്രചാരണത്തിന്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപനം കുറക്കുകയെന്നതാണ് ലക്ഷ്യം. മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ്-ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വഞ്ചനകള്‍ക്കും ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്കുമെതിരെ പൊലീസ് ഉദ്യോഗസ്ഥരും കമ്യൂണിറ്റി അംഗങ്ങളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനം അനിവാര്യമാണെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവദ് പറഞ്ഞു.
റാക് റേഡിയോയിലെ തത്സമയ സംപ്രേക്ഷണ സെഷനുകള്‍ ഇതിനുപകരിക്കും. സൈബര്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന റേഡിയോ പരിപാടികളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പുതുരീതികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ തട്ടിപ്പുകളെ നേരിടുന്ന രീതികളും സൈബര്‍ ഇടങ്ങളെ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും നടക്കും.
ഇലക്ട്രോണിക് ബ്ലാക് മെയിലിങ്, ഇന്റര്‍നെറ്റ് പരസ്യങ്ങള്‍, വ്യാജ ജോലി തുടങ്ങി സര്‍വമേഖലകളും ഉള്‍ക്കൊള്ളുന്ന റേഡിയോ പരിപാടികളില്‍ സാംസ്കാരിക മത്സര സെഷനും ഉള്‍പ്പെടുന്നതായി ഹമദ് അബ്ദുല്ല തുടര്‍ന്നു.