ഡ്രൈവിങ്ങിൽ ജാഗ്രത വേണം: റമദാൻ കാമ്പയിനുമായി ദുബായ് ആർടി.എ

Update: 2024-03-16 05:57 GMT

റമദാനിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ നിർദേശിച്ച് പ്രത്യേക കാമ്പയിനുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വ്രതമെടുക്കുന്നത് കാരണം ഭക്ഷണക്രമത്തിലും ഉറക്കത്തിലും മാറ്റമുണ്ടാകുന്നതിനാൽ മയക്കമോ തളർച്ചയോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ നിർദേശിച്ചു. റമദാനിൽ മുഴുവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എ കാമ്പയിൻ തുടങ്ങിയത്.

റോഡിൽ നിയമങ്ങൾ പാലിച്ച് റമദാൻ മുന്നോട്ടുവെക്കുന്ന സൽസ്വഭാവത്തിൽ മാതൃക കാണിക്കാനും റോഡിൽ മറ്റുള്ളവരുടെ അവകാശങ്ങൾ അനുവദിക്കുന്നതിലും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. അഞ്ച് സെക്കൻഡ് റോഡിൽ മയങ്ങുന്നത് കണ്ണടച്ച് 180 മീറ്റർ വാഹനമോടിക്കുന്നതിന് തുല്യമാണെന്ന ജർമൻ റോഡ് സേഫ്റ്റി കൗൺസിലിൻറെ പഠനറിപ്പോർട്ട് ആർ.ടി.എ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിൻറെയും മറ്റു വിവിധ സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് ദുബൈയിൽ ആർ.ടി.എ റമദാൻ കാമ്പയിൻ പുരോഗമിക്കുന്നത്.

ലഘുലേഖകൾ വിതരണം ചെയ്യുക, ടാക്‌സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, മറ്റു റോഡ് ഉപയോക്താക്കൾ എന്നിവർക്ക് ഇഫ്താർ കിറ്റ് വിതരണം എന്നിവ കാമ്പയിനിൻറെ ഭാഗമായി നടക്കുന്നുണ്ട്. ഇഫ്താർ ടെൻറുകൾക്ക് സമീപം ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറുകളും പതിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലാണ് ഈ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്.ജോലി കഴിഞ്ഞ് മടങ്ങിവരുന്ന തൊഴിലാളികൾ അടക്കമുള്ളവർക്ക് വൈകുന്നേരങ്ങളിൽ ഡ്രൈവിങ്ങിൽ മയക്കവും അശ്രദ്ധയും ഉണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് റമദാനിൽ വലിയരീതിയിൽ ആർ.ടി.എ കാമ്പയിനുമായി രംഗത്തെത്തിയത്.

വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*കൂടുതൽ ഭക്ഷണം കഴിച്ചയുടനെ, പ്രത്യേകിച്ച് നോമ്പ് തുറന്നതിനുശേഷം വാഹനമോടിക്കുന്നത് ഒഴിവാക്കുക.

*വാഹനമോടിക്കുമ്പോൾ ക്ഷമകാണിക്കുക. മുന്നിലുള്ള വാഹനത്തിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

*ഡ്രൈവിങ്ങിനിടെയുള്ള പിരിമുറുക്കം ഒഴിവാക്കാൻ യാത്രക്ക് അധികസമയം നീക്കിവെച്ച് തിരക്ക് മുൻകൂട്ടി കാണുക.

*ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നവരുമായി തർക്കത്തിൽ ഏർപ്പെടാതിരിക്കുക. ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

*എല്ലാ ജനലുകളും അടച്ച്, എയർ കണ്ടീഷൻ ഓണാക്കി കാറിൽ ഉറങ്ങുന്നത് ഒരു മണിക്കൂറിനുള്ളിൽ ശ്വാസംമുട്ടലിന് കാരണമാകുമെന്ന് ഓർമിക്കുക.

*നോമ്പ് ഏകാഗ്രതയെ സാരമായി ബാധിക്കുകയോ സമ്മർദം വർധിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പൊതുഗതാഗതം തിരഞ്ഞെടുക്കുക.

Tags:    

Similar News