അത്യപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന അപകടസാധ്യത ഏറെയുള്ള ഛിന്നഗ്രഹത്തെ യു.എ.ഇയുടെ ആകാശത്ത് പ്രകാശപൂരിതമായി കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അബൂദബിയിലെ മരുഭൂമിയിലാണ് ഛിന്നഗ്രഹം ദൃശ്യമായത്.
ഭൂമിക്കും ചന്ദ്രനുമിടയിൽ ഭൂമിയോട് താരതമ്യേന അടുത്ത് സഞ്ചരിക്കുന്ന അപകടസാധ്യതയുള്ള ഛിന്നഗ്രഹമാണിതെന്നാണ് വാന നിരീക്ഷകരുടെ വിലയിരുത്തൽ.
ഏതാണ്ട് 2,95,000 കിലോമീറ്റർ അകലെയാണ് അപൂർവമായ ഈ പ്രതിഭാസം സംഭവിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ നിരീക്ഷിക്കപ്പെട്ട ഏറ്റവും തിളക്കമുള്ള ഛിന്നഗ്രഹമാണിതെന്നാണ് കരുതുന്നത്. എക്സ് അക്കൗണ്ടിലൂടെ യു.എ.ഇ ആസ്ട്രോണമി സെന്ററാണ് ഛിന്നഗ്രഹത്തിന്റെ വിഡിയോ പുറത്തുവിട്ടത്. 12 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ 129 ചിത്രങ്ങളാണ് പതിഞ്ഞത്. ഓരോന്നും 1.5 സെക്കൻഡ് നേരം ആകാശത്ത് ദൃശ്യമായിരുന്നു.
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിലൂടെ സഞ്ചരിക്കുന്ന ഒരു ബിന്ദുവായി കാണപ്പെട്ട ഛിന്നഗ്രഹം വാന നിരീക്ഷകർക്കും പ്രഫഷനൽ ജ്യോതിശാസ്ത്രജ്ഞർക്കും ഒരുപോലെ ആകർഷകമായ കാഴ്ചയായിരുന്നു. ഛിന്നഗ്രഹത്തിന്റെ പ്രകാശം അളക്കുന്നതിനും വിശകലനം ചെയ്യാനുമായി വിഡിയോ കൂടുതൽ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്.