അബൂദബി പൈതൃക അതോറിറ്റിയും അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന 15ാമത് അല്‍ ധഫ്ര ജലോത്സവം ആരംഭിച്ചു. 25ാം തീയതി വരെ അള് മുഗീര ബീച്ചിലാണ് ജലോത്സവം നടക്കുന്നത്. പരമ്പരാഗത ജല കായികമത്സരങ്ങളടക്കം വിവിധ പരിപാടികള്‍ നടക്കും. സമുദ്ര പൈതൃകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് പരിപാടി.
43 അടി മറാവ ധോ സെയിലിങ് റേസ്, ടഫ്രീസ്(പോള്‍ ബോട്ട്) പരമ്പരാഗത മത്സരം, അല്‍ മുഖീര പരമ്പരാഗത തുഴച്ചില്‍ മത്സരം, ജനാന ധോ സെയിലിങ് റേസ് (22 അടി) എന്നീ മത്സരങ്ങള്‍ക്കു പുറമേ കാരം, സൈക്ലിങ്, ഓട്ടം, ബീച്ച് സോക്കര്‍, ബീച്ച് വോളിബാള്‍, പരമ്പരാഗത മത്സരങ്ങളായ കരാബി, ദഹ്റോയി, ഷാ, മുത്തരാ തുടങ്ങിയവയും അല്‍ ധഫ്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. നാടന്‍ ഫാഷന്‍ ഷോകള്‍, പാചകമത്സരങ്ങള്‍, കരകൗശല വസ്തുക്കള്‍, പ്രകടനങ്ങള്‍, ക്വിസ് മത്സരം എന്നിവയും അരങ്ങേറും.