അബുദാബി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി കസ്റ്റംസ്
അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു. നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായാണ് അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ്റെ കടൽ കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതിനുള്ള ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.
.@AbuDhabiCustoms has installed five advanced AI-supported inspection devices at customs centres in Khalifa Port and Zayed Port. The devices will facilitate trade, reduce time and effort clearing customs, accelerate inspection processes and increase customer satisfaction. pic.twitter.com/hMoRysIgkC
— مكتب أبوظبي الإعلامي (@ADMediaOffice) August 14, 2024
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിട്ടുള്ള ഈ ഉപകരണങ്ങൾ ദ്രുത സ്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നവയാണ്. ചരക്കുനീക്കങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കുക, ഇതിനായി ആവശ്യം വരുന്ന സമയവും പ്രയത്നവും കുറയ്ക്കുക, പരിശോധനാ പ്രക്രിയകൾ ത്വരിതപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ സംരംഭം അബുദാബി കസ്റ്റംസ് അധികൃതരെ സഹായിക്കുന്നു. റേഡിയോളജിക്കൽ ഹെൽത്ത്, സേഫ്റ്റി എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തുന്നതും ആഗോള സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നതുമായ 5 നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഖലീഫ പോർട്ട്, സായിദ് പോർട്ട് കസ്റ്റംസ് സെൻ്ററുകൾ എന്നിവ നവീകരിക്കുന്നതാണ് ഈ പദ്ധതി. ഖലീഫ തുറമുഖത്ത് ബാഗുകളും പാഴ്സലുകളും സ്കാൻ ചെയ്യുന്നതിനുള്ള രണ്ട് ഉപകരണങ്ങളും കണ്ടെയ്നറുകളും ട്രക്കുകളും സ്കാൻ ചെയ്യുന്നതിനുള്ള രണ്ട് ഉപകരണങ്ങളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
സായിദ് തുറമുഖത്ത് കണ്ടെയ്‌നറുകൾ സ്കാൻ ചെയ്യുന്നതിനുള്ള ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഉപകരണത്തിനും മണിക്കൂറിൽ 120 ട്രക്കുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. പ്രവർത്തനങ്ങളുടെ തുടർച്ചയായ നിരീക്ഷണത്തിനായി ഈ ഉപകരണങ്ങളെ ഒരു കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു.