എണ്ണൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ലഭ്യമാക്കാൻ നിര്‍മിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ താമിന്റെ അപ്ഗ്രേഡഡ് പതിപ്പായ 3.0 പ്ലാറ്റ്ഫോമിലാണ് പുതിയ സംവിധാനം.
ദുബൈയിൽ നടന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സിലാണ് പരിഷ്കരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. അബൂദബിയെ പ്രതികൂലമായി ബാധിക്കുന്ന എന്തു വിഷയത്തെക്കുറിച്ചും എമിറേറ്റിലെ താമസക്കാര്‍ക്ക് താം 3.0ല്‍ ചിത്രം പങ്കുവെച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാം.
അബൂദബിയെ മോശമായി ബാധിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്താൽ എ.ഐ വിലയിരുത്തുകയും ഏതുരീതിയിലാണ് ഫോട്ടോയില്‍ കാണുന്ന പ്രശ്നം അബൂദബിയെ ബാധിക്കുകയെന്ന് കണ്ടെത്തുകയും ചെയ്യും. തുടര്‍ന്ന് എവിടെയാണ് ഈ സ്ഥലമെന്നും ബന്ധപ്പെട്ട വകുപ്പിന് വിഷയം കൈമാറാനും കഴിയും.
പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ പുതിയ ഫോട്ടോ വിഷയം റിപ്പോർട്ട് ചെയ്തയാൾക്ക് താം അയച്ചുനല്‍കും.സേവനങ്ങള്‍ പൂര്‍ണമായും എ.ഐ മുഖേനയാണ് നല്‍കുന്നതെന്നും ഇതിലൂടെ മാസത്തില്‍ ഒരു ലക്ഷം മണിക്കൂര്‍ തൊഴില്‍ സമയം ലാഭിക്കാനാവുമെന്നും 55,000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനാവുമെന്നും താം പദ്ധതി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അസ്കര്‍ വ്യക്തമാക്കി.
ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷന് സർട്ടിഫിക്കറ്റ്, പാര്‍ക്കിങ്, തോക്ക് ലൈസന്‍സ്, ദര്‍ബ്, എമിറേറ്റ്സ് ഐ.ഡി പുതുക്കല്‍, ജനനസര്‍ട്ടിഫിക്കറ്റ്, മൃഗങ്ങളുടെ ഉടമസ്ഥത സർട്ടിഫിക്കറ്റ്, വിവാഹ ഹാള്‍ ബുക്കിങ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങി എണ്ണൂറോളം സേവനങ്ങളാണ് ഏകീകൃത പ്ലാറ്റ്ഫോം വഴി ലഭിക്കുക. യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്തുവേണം സേവനങ്ങള്‍ തേടേണ്ടത്. നിലവില്‍ 25 ലക്ഷം പ്രതിദിന ഉപയോക്താക്കളാണ് താമിനുള്ളത്.