സൈനികാവശ്യങ്ങള്‍ക്കായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനം നിര്‍മിച്ച് അബൂദബി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി. അണ്‍മാന്‍ഡ് സിസ്റ്റംസ് (യുമെക്സ്), സിമുലേഷന്‍ ആന്‍ഡ് ട്രെയിനിങ് (സിംടെക്സ്) എക്സിബിഷനിലാണ് കിന്സ്റ്റുഗി എന്ന അബൂദബി ടെക് കമ്പനി മാഗ്നസ് എന്ന നിര്‍മിതബുദ്ധി സൈനികവാഹനം അവതരിപ്പിച്ചത്.
ആറു സീറ്റുകളുള്ള 4X4 സ്വയംനിയന്ത്രിത വാഹനമാണ് മാഗ്നസ്. ആറു ഡ്രോണുകളും നിര്‍മിതബുദ്ധിയുള്ള റോബോട്ടുമൊക്കെയുള്ള വാഹനത്തിന് 2000 കി.ഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്. 805 എച്ച്.പി ഇലക്ട്രിക് മോട്ടോറുള്ള വാഹനത്തിന് മണിക്കൂറില്‍ 130 കി.മീ വേഗം കൈവരിക്കാനാവും. 200 കി.മീ (ഇലക്ട്രിക്) മുതല്‍ 800 കി.മീ (ഹൈബ്രിഡ്) ദൂരവും വാഹനത്തിന് ഒറ്റച്ചാര്‍ജില്‍ സഞ്ചരിക്കാനാവും.
യു.എ.ഇ സര്‍ക്കാറിന്റെ മുന്‍നിര നിര്‍മിതബുദ്ധി കമ്പനിയായ കിന്സ്റ്റുഗി ഹോള്‍ഡിങ്സിന്റെ ഉപകമ്പനിയായ ഇനറോണാണ് മാഗ്നസ് എന്ന ഇലക്ട്രിക്, ഹൈബ്രിഡ് (പെട്രോള്‍) വാഹനം നിര്‍മിച്ചതെന്ന് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വലീദ് അല്‍ ബലൂഷി പറഞ്ഞു. മാഗ്നസിന്റെ ഡോറുകള്‍ ഹെലികോപ്ടറുകളുടേത് പോലെ 90 ഡിഗ്രി വരെ തുറക്കാനാവും. മടക്കിവെക്കാവുന്ന പിന്‍സീറ്റുകള്‍ വലുപ്പമുള്ള ഉപകരണങ്ങള്‍ വെക്കാന്‍ സഹായിക്കുന്നതാണ്.
സൈനിക ആവശ്യത്തിനും ദേശസുരക്ഷ ആവശ്യങ്ങള്‍ക്കും മാഗ്നസ് ഉപയോഗിക്കാം. ഏതു കഠിന പരിതസ്ഥിതിയെയും മറികടക്കാനുള്ള ശേഷി മാഗ്നസിനുണ്ട്. 2025ഓടെ വാഹനം വാണിജ്യാവശ്യത്തിന് നിരത്തിലിറക്കാനാവുമെന്നും അല്‍ ബലൂഷി കൂട്ടിച്ചേര്‍ത്തു.