സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനക്ക് കടിഞ്ഞാണിട്ട് അബൂദാബി; അസാധാരണ സാഹചര്യങ്ങളിലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ല

Update: 2024-11-11 12:05 GMT

സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർധനക്ക് പരിധി നിശ്ചയിച്ച് അബുദബി വിദ്യാഭ്യാസ വകുപ്പ്. അസാധാരണ സാഹചര്യങ്ങളിൽ പോലും 15 ശതമാനത്തിൽ കൂടുതൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വ്യക്തമാക്കി. അത്യപൂർവ സാഹചര്യങ്ങളിൽ ഫീസ് വർധനക്ക് അനുമതി ലഭിക്കാൻ നിരവധി നിബന്ധനകൾ പാലിക്കേണ്ടിവരും. വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവും ഫീസ് വർധന അംഗീകരിക്കുക. കൂടാതെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി സ്‌കൂളുകൾ ബോധ്യ പ്പെടുത്തുകയും ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. മൂന്നു വർഷമായി പ്രവർത്തിക്കുന്നതാവണം സ്‌കൂൾ, സാധുവായ ലൈസൻസ്, 80 ശതമാനമെങ്കിലും ഹാജർ എന്നീ വ്യവസ്ഥകളും പാലിക്കണം. ഫീസ് വർധന അനുമതി ലഭിച്ചാലും അക്കാദമി കവർഷത്തിൽ ഒരു തവണ മാത്രമേ വർധിപ്പിക്കാനാകൂ. മൂന്ന് തവണകളായോ വർഷത്തിൽ 10 തവണകളായോ ഫീസ് ഈടാക്കാം. അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് രജിസ്ട്രേഷൻ ഫീസിൻ്റെ ആദ്യ ഘഡു വാങ്ങാവുന്നതാണ്. ട്യൂഷൻ ഫീസിൻ്റെ അഞ്ചുശതമാനം വരെയേ രജിസ്ട്രേഷൻ ഫീസായി വാങ്ങാവൂ.അധ്യയന വർഷം തുടങ്ങു ന്നതിന് നാലു മാസം മുമ്പ് വരെ രജിസ്ട്രേഷൻ ഫീസ് വാങ്ങാം. ഈ തുക അവസാന ട്യൂഷൻ ഫീസിൽ നിന്ന് കുറക്കണം. ഫീസിനു പകരമായി രക്ഷിതാക്കളിൽ നിന്ന് സാമ്പത്തികമായ മറ്റ് ഈടുകൾ ആവശ്യപ്പെടരുത്. വിദ്യാർഥിക്ക് സ്‌കൂളിൽ അഡ്‌മിഷൻ എടുക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങാനോ ആദ്യ തവണത്തെ രജിസ്ട്രേഷൻ ഫീസ് അടക്കാനോ ആവശ്യപ്പെടരുത്. ജീവനക്കാരുടെ മക്കളെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് പ്രത്യേക ഫീസ് ഇളവ് നൽകുന്നുണ്ടങ്കിൽ ഇക്കാര്യം തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കണം.

Tags:    

Similar News