അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു: അടിസ്ഥാന നിരക്ക് 2 ദിർഹം

Update: 2024-02-28 07:45 GMT

അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്‌ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്. അബുദാബി, അൽഐൻ, അൽദഫ്ര ഇന്റർസിറ്റി സർവീസുകൾ ഇതിൽ ഉൾപ്പെടില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു.

35 ദിർഹത്തിന്റെ 7 ദിവസത്തെയും 95 ദിർഹത്തിന്റെ 30 ദിവസത്തെയും പാസിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. പരിഷ്‌ക്കരിച്ച പാസ് ഇന്നു മുതൽ ലഭ്യമാകും. ഇതോടെ പഴയ പാസ് നിർത്തലാക്കുമെങ്കിലും കാലാവധി തീരുന്നതുവരെ അവ ഉപയോഗിക്കാം. സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് അനുഗ്രഹമാകുന്ന രീതിയിലാണ് പാസ് ഏർപ്പെടുത്തിയത്. പാസിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.

വാർഷിക പാസ്, വിദ്യാർഥി പാസ് എന്നിവയുമുണ്ട്. 10 വയസ്സിന് താഴെയുള്ളവർക്ക് ബസിൽ സൗജന്യ യാത്ര തുടരും. ഉപഭോക്തൃ സൗഹൃദ യാത്രാക്കൂലി ഏർപ്പെടുത്തി സേവനം വിപുലീകരിച്ച് കൂടുതൽ പേരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 2023ൽ പൊതുബസുകളിലെ യാത്രക്കാരുടെ എണ്ണം 8.3 കോടി കവിഞ്ഞതായും അറിയിച്ചു. ഇലക്ട്രിക് ബസ് ഉൾപ്പെടെ ബസുകളുടെ എണ്ണം 825 ആയി ഉയർന്നു.

ബസുകൾ മാറിയാലും ഒറ്റ യാത്രയുടെ തുക

  • ഒരു ബസിൽനിന്ന് കാർഡ് സൈ്വപ് ചെയ്ത് ഇറങ്ങിയ ശേഷം 60 മിനിറ്റിനകം മറ്റൊരു ബസിൽ കയറിയാലേ ആനുകൂല്യം ലഭിക്കൂ.
  •  വിപരീത ദിശയിലേക്ക് മാറരുത്.
  •  പരമാവധി 2 ബസുകൾ മാറി കയറാം
  •  അബുദാബി ലിങ്ക്, പൊതുഗതാഗത ബസ് എന്നിവയ്ക്കിടയിലെ മാറ്റത്തിന് വ്യവസ്ഥകൾ ബാധകം.
  •  ബസുകൾ മാറിയാലും ഒറ്റ യാത്രയുടെ തുകയേ ഈടാക്കൂ.
  •  ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഇടയിലെ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കും.
  •  കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാഫിലത്ത് കാർഡ് സൈപ് ചെയ്യണം
  •  കാർഡ് സൈ്വപ് ചെയ്യാത്തവർക്ക് പിഴയും ബസിന്റെ യാത്രാ ദൈർഘ്യമനുസരിച്ചുള്ള തുകയും ഈടാക്കും.

Tags:    

Similar News