റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച റഷ്യൻ പ്രസിഡന്റിന്റെ വിമാനത്തെ യു.എ.ഇ വ്യോമസേനയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
പിന്നീട് അബൂദബി ഖസ്ർ അൽ വത്നിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണവും നൽകി. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനും സ്ഥിരതയും പുരോഗതിയും ഉറപ്പാക്കുന്നതിനും പുടിനുമായി ചർച്ച നടത്തിയതായി പിന്നീട് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഗാസ്സ, യുക്രെയ്ൻ, കോപ് 28 അടക്കം വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വതവും സമഗ്രവുമായ സമാധാനം ഉറപ്പുവരുത്തണമെന്ന അഭിപ്രായം ഇരുവിഭാഗവും പങ്കുവെച്ചു. കാലാവസ്ഥ വെല്ലുവിളികൾക്ക് ക്രിയാത്മക പരിഹാരങ്ങൾ കണ്ടെത്താനും അന്താരാഷ്ട്ര കാലാവസ്ഥ പ്രവർത്തനം മെച്ചപ്പെടുത്താനും യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 ഉച്ചകോടി സഹായിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. അബൂദബിയിൽനിന്ന് റിയാദിലേക്ക് പോയ പുടിൻ അവിടെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും.