ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്
ശക്തമായ മഴ പെയ്യുന്നതിനിടെ റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ 24 വാഹനങ്ങൾ ദുബൈ ട്രാഫിക് പൊലീസ് പിടികൂടി.19 കാറുകൾ, അഞ്ച് മോട്ടോർ ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.വാഹന ഉടമകൾക്കെതിരെ 2000 ദിർഹം പിഴയും 23 ബ്ലാക്പോയന്റും ചുമത്തും. കൂടാതെ രണ്ട് മാസത്തേക്ക് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അൽ റുവയ്യാ മേഖയിൽ പെയ്ത മഴയിലായിരുന്നു ഇവരുടെ അഭ്യാസപ്രകടനങ്ങൾ. ശനിയാഴ്ച ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അധികൃതർ പങ്കുവെച്ചിരുന്നു.രൂപമാറ്റം വരുത്തിയ ചില വാഹനങ്ങളിൽ മിന്നിമറയുന്ന നിയോൺ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. ശക്തമായ മഴ പെയ്യുന്നതിനിടെ അതിവേഗതയിൽ വാഹനങ്ങൾ ഡ്രിഫ്റ്റിങ് ചെയ്യുന്നത് വിഡിയോയിൽ കാണാം. പിക്അപ് ട്രക്കുകളിൽ എഴുന്നേറ്റു നിന്നും അതിവേഗതയിൽ ഓടുന്ന കാറിന്റെ വിൻഡോയിലൂടെ തലപുറത്തേക്കിട്ടും ചിലർ അഭ്യാസം കാണിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.