മുൻകൂർ വിസ എടുക്കാതെ 60 രാജ്യങ്ങൾക്ക് യുഎഇയിലേക്ക് വരാം; പുതുക്കിയ പട്ടികയിൽ ഇന്ത്യ ഇല്ല
ഓൺ അറൈവൽ വിസാ പട്ടിക പുതുക്കി യുഎഇ. ഇതോടെ മുൻകൂർ വിസയെടുക്കാതെ യുഎഇയിലേക്ക് വരാവുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി. നേരത്തെ 40 രാജ്യങ്ങൾ ആയിരുന്നു. ഇത്തവണ പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് വിസ ഓൺ അറൈവലിനു തടസമാകുന്നത്. യുഎസ് വിസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനന്റ് റസിഡന്റ് വിസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്ക് മുൻകൂർ വീസ ഇല്ലാതെ എത്താം.
ഇവരുടെ വിസയ്ക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്ക് വിസ ഓൺ അറൈവൽ ആണ് ഇവർക്ക് ലഭിക്കുക. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാൻ കഴിയും. ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വിസ ഓൺ അറൈവൽ നൽകിയിട്ടില്ല.
വിസ ഓൺ അറൈവലിൽ 40 രാജ്യങ്ങൾക്ക് 90 ദിവസം വരെ താമസിക്കാം. 20 രാജ്യങ്ങൾക്ക് 30 ദിവസം താമസിക്കാം. യൂറോപ്യൻ രാജ്യങ്ങൾക്കാണ് 90 ദിവസത്തെ വിസ ലഭിക്കുന്നതിൽ അധികവും. യുഎസ് വിസയുള്ളവർക്ക് 30 ദിവസം വരെ തങ്ങാം. 30 ദിവസത്തെ വിസ 10 ദിവസം കൂടി നീട്ടാം. വിസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക സമയബന്ധിതമായി പരിഷ്‌കരിക്കുന്നതിനാൽ യാത്രയ്ക്ക് മുമ്പ് അതാതു രാജ്യത്തെ യുഎഇ എംബസി വഴി സാധുത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഡിജിറ്റൽ ഗവൺമെന്റ് അറിയിച്ചു.