ഈ മാസം 18 മുതൽ ആരംഭിക്കുന്ന 28മത് ദുബൈ ഗ്ലോബൽ വില്ലേജ് സീസണിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ നിരക്കുക്ക് അധികൃതർ പ്രഖ്യാപിച്ചു.രണ്ടുതരം ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. പ്രവൃത്തി ദിനങ്ങളിൽ സന്ദർശകരെ ആകർഷിക്കാനായി പൊതു അവധി ദിനങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ പ്രാബല്യമുള്ള ടിക്കറ്റുകളും, വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിൽ ഏതു ദിവസം വേണമെങ്കിലും ഉപയോഗിക്കാവുന്ന ടിക്കറ്റുകളുമാണ് വിതരണം ചെയ്യുന്നത്.
22.50 ദിർഹം മുതലാണ് ടിക്കറ്റുകളുടെ നിരക്ക്. അതേസമയം, ആപ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. പ്രവേശന ടിക്കറ്റ് ഉപയോഗിച്ച് വിവിധ ഷോകളും സ്റ്റേജ് പ്രോഗ്രാമുകളും സന്ദർശകർക്ക് ആസ്വദിക്കാം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന 400 പ്രകടനക്കാരുടെ 40,000 ഷോകളാണ് ഗ്ലോബൽ വില്ലേജ് ഇത്തവണ ഒരുക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ കരിമരുന്ന് പ്രയോഗവും നടത്തും.