ലോക സുരക്ഷ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമയെ സുരക്ഷിത നഗരമാക്കാനുള്ള പദ്ധതികളില്‍ പബ്ലിക് സര്‍വിസ് വകുപ്പുമായി (പി.എസ്.ഡി) ധാരണയിലെത്തി റാക് പൊലീസ്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ ഗതാഗതം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിവിധ എന്‍ട്രി, എക്സിറ്റ് പോയന്റുകളിലായി 20 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ഗേറ്റുകളില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കും.
ഗേറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് കമാന്‍ഡര്‍ ചീഫ് മേജര്‍ ജനറല്‍ അലി ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. ഗതാഗതം തത്സമയം നിരീക്ഷിക്കാന്‍ ഗേറ്റുകള്‍ പൊലീസിന്റെ ഓപറേഷന് റൂമുമായി സംയോജിപ്പിക്കും. വാഹനാപകടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകളും ഗേറ്റുകളിലുണ്ടാകും.
‘സേഫ് സിറ്റി ഡിജിറ്റല്‍ സിസ്റ്റം’ പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും വാഹനാപകടങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ നിരീക്ഷിക്കാനുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിന് അത്യാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഗതാഗതക്കുരുക്ക്, അസ്ഥിര കാലാവസ്ഥ വിവരങ്ങളും സ്മാര്‍ട്ട് ഗേറ്റുകളിലെ എല്‍.ഇ.ഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.