യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മാർഗ നിർദേശങ്ങൾക്ക് കീഴിൽ വഖഫ് സംരംഭങ്ങൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബൈയിലെ വഖഫ് സ്വത്തുക്കളിൽ 18 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം വഖഫ് ആസ്തികളുടെ എണ്ണം 948ലെത്തിയിരിക്കുകയാണ്. ഇതോടെ ആകെ ആസ്തി മൂല്യം 1003 കോടി ദിർഹമായി ഉയർന്നു. ഔഖാഫ് ദുബൈ ചെയർമാൻ ഈസ അൽ ഖുറൈറിന്റെ നേതൃത്വത്തിൽ ദുബൈയിലെ എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ) ടീമിന് നൽകിയ സ്വീകരണത്തിലാണ് ശൈഖ് ഹംദാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈയിൽ വഖഫ് പ്രവർത്തനങ്ങളുടെ പ്രധാന വികസനങ്ങളെ കുറിച്ച് യോഗത്തിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിവരിച്ചു നൽകി. ദുബൈ സോഷ്യൽ അജണ്ട 33യുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ ശൈഖ് ഹംദാൻ അഭിനന്ദിച്ചു.
വിവിധ മേഖലകളിലെ ജനസമൂഹങ്ങൾക്ക് ആനുകൂല്യം എത്തിക്കുന്നതിനും സുസ്ഥിരമായ വികസനത്തിനുമായി വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അനുകൂലമായ സാഹചര്യങ്ങൾ ദുബൈ സൃഷ്ടിച്ചിട്ടുണ്ട്. എൻഡോവ്മെന്റ് ആസ്തികളുടെ എണ്ണത്തിലെ വർധന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാൻമാരാണെന്നതിന്റെ പ്രതിഫലനമാണ്. എൻഡോവ്മെന്റിന്റെ സേവനം കാര്യക്ഷമമാക്കുന്നതിൽ സ്മാർട്ട് സർവിസുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. എൻഡോവ്മെന്റ് പദ്ധതികളുടെ സുസ്ഥിരമായ വികസനത്തിനും മേഖലയിലെ പുരോഗതിക്കുമായി സമഗ്രമായ സ്മാർട്ട് സേവനങ്ങളാണ് ഔഖാഫ് സജ്ജീകരിച്ചിട്ടുള്ളത്. എൻഡോവ്മെന്റ് മേഖലയിലെ പ്രചോദിതമായ പ്രവർത്തനങ്ങൾക്ക് പൗരൻമാരോടും നിവാസികളോടും സ്ഥാപനങ്ങളോടും ശൈഖ് ഹംദാൻ നന്ദി അറിയിച്ചു. സ്ഥാപനങ്ങൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കാനുള്ള അവസരമാണ് എൻഡോവ്മെന്റ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതെന്നും ഹംദാൻ കൂട്ടിച്ചേർത്തു.