ദേശീയ ദിന സമ്മാനം ; ഡിസംബർ ആദ്യവാരത്തിൽ പിറന്ന 500 കുഞ്ഞുങ്ങൾക്ക് ബേബി സീറ്റുകൾ സമ്മാനമായി നൽകി ദുബായ് ആർ ടി എ

Update: 2022-12-07 06:42 GMT

ദുബായ് : ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ പിറന്നുവീണ 500 കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് സമ്മാനിച്ച് ദുബായ് ആർ ടി എ. എമിറേറ്റിൽ കഴിഞ്ഞ 5 ദിവസത്തിനിടെ പിറന്നു വീണ ഓരോ കുഞ്ഞിനും ആശുപത്രിയിൽ തേടിയെത്തിയ സമ്മാനങ്ങളുടെ കൂട്ടത്തിലായിരുന്നു വലിയ സമ്മാനപ്പൊതികൾ ആർ ടി എ സമ്മാനിച്ചത്. ഓരോ കുഞ്ഞിനും സുരക്ഷിതയാത്രയൊരുക്കുന്ന ബേബി സീറ്റ് ആണ് സമ്മാനമായി നൽകിയത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണു കുഞ്ഞുങ്ങളുടെ സുരക്ഷിത യാത്ര എന്ന സന്ദേശവുമായി ദുബായ് ആർടിഎ നവജാത ശിശുക്കൾക്കെല്ലാം ബേബി സീറ്റുകൾ സമ്മാനമായി നൽകിയത്. ഈ മാസം 1 – 5നും ഇടയിൽ ജനിച്ച 500 കുട്ടികൾക്ക് സൗജന്യമായി ബേബി സീറ്റുകൾ സമ്മാനിച്ചതായി ആർടിഎ അറിയിച്ചു.'എന്റെ കുട്ടിയുടെ ദേശീയ ദിന സമ്മാനം' എന്നാണു പദ്ധതിക്ക് ആർടിഎ നൽകിയ പേര്.ദുബായിലെ 23 ആശുപത്രികൾ വഴിയാണ് ഓരോ കുട്ടിക്കും സുരക്ഷിത സീറ്റ് ഉറപ്പാക്കിയത്.

ദുബായിൽ 4 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വാഹനങ്ങളിൽ സഞ്ചരിക്കണമെങ്കിൽ ബേബി സീറ്റുകൾ നിർബന്ധമാണ്. ബേബി സീറ്റ് ഇല്ലാത്തതിനാൽ കുട്ടികൾ വാഹനങ്ങൾക്കുള്ളിൽ തന്നെ തെറിച്ചു വീണ് അപകടമുണ്ടായ അനവധി സംഭവങ്ങളെ തുടർന്നാണു നിയമം കർശനമാക്കിയത്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾ മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നതിനും നിരോധനമുണ്ട്.കുഞ്ഞുങ്ങളുടെ ഭാരവും ഉയരവും കണക്കാക്കി വാഹനങ്ങളുടെ പിൻസീറ്റിൽ നിർബന്ധമായും ബേബി സീറ്റുകൾ ഘടിപ്പിക്കണം.

കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതും ആരെങ്കിലും എടുത്തു കൊണ്ടിരിക്കുന്നതും സുരക്ഷിതമായ രീതിയല്ല. ഇത്തരം യാത്രകൾ കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കുട്ടികളുടെ സുരക്ഷയ്ക്കു പ്രാധാന്യം നൽകാത്ത വാഹനങ്ങൾക്കു 400 ദിർഹമാണു പിഴ. ദുബായ് പൊലീസ്, യുനിസെഫ്, ആരോഗ്യ വകുപ്പ് എന്നിവയുമായി ചേർന്നാണ് ബേബി സീറ്റ് സമ്മാന പദ്ധതി നടപ്പാക്കിയത്.

Similar News