അർജന്റീനയുടെ വിജയത്തിൽ ബിരിയാണിവിതരണ ആഘോഷം അബുദാബിയിലും

Update: 2022-12-20 07:13 GMT


അബുദാബി∙: നാനൂറ്റിയമ്പതിലേറെ പേർക്ക് ബിരിയാണി നൽകി ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ അർജന്റീനയുടെ വിജയം ആഘോഷിച്ച് അബുദാബി പ്രവാസികൾ. കണ്ണൂർ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള അബുദാബി റിഷീസ് കെഫ് ആണ് 450ലേറെ പേർക്കു ബിരിയാണി നൽകിയത്. കേക്ക് മുറിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷപ്പൊലിമയിലായിരുന്നു ബിരിയാണി വിതരണം. അർജന്റീനയുടെ പതാകയേന്തി ജഴ്സിയണിഞ്ഞ് കൃത്രിമ മഞ്ഞുവീഴ്ചയൊരുക്കിയ ആഘോഷത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

അർജന്റീനയുടെ ജഴ്സി അണിഞ്ഞ് വൈകിട്ട് 6 മുതൽ രാത്രി 9 വരെ എത്തുന്നവർക്കു സൗജന്യമായി ബിരിയാണി നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ജഴ്സി അണിയാതെ വന്നവർക്കും ഫ്രാൻസിന്റെ ജഴ്സി അണിഞ്ഞ് എത്തിയവർക്കും വരെ ബിരിയാണി നൽകിയതായി റിയാസ് പറഞ്ഞു. തൊട്ടടുത്തുള്ള റിഷീസ് ന്യൂജെൻ ഹൈപ്പർമാർക്കറ്റിൽ ജഴ്സി അണിഞ്ഞ് എത്തുന്നവർക്ക് പ്രത്യേക നിരക്കിളവും നൽകിയിരുന്നു. ഇതിനായി നിരക്കിളവ് വ്യക്തമാക്കുന്ന പ്രത്യേക ബുക് ലെറ്റും അടിച്ചിറക്കിയിരുന്നു.

Similar News