രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേര് സ്വന്തമാക്കി യു എ ഇ ; ആദ്യ ശുദ്ധ സ്വർണ ഇടപാട് ഇന്ത്യയുമായി
അബുദാബി∙: ഇടനിലക്കാരില്ലാതെ ഇന്ത്യയിലേക്ക് ശുദ്ധ സ്വർണ്ണമെത്തിച്ച് യു എ ഇ. ചരിത്രത്തിൽ ആദ്യമായാണ് യുഎഇ ഗുഡ് ഡെലിവറി അംഗീകാരമുള്ള സ്വർണം രാജ്യാന്തര തലത്തിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇതോടു കൂടി യു എ ഇ രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന പേരു സ്വന്തമാക്കുകയാണ്. ഇന്ത്യ ഇന്റർനാഷനൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്സ്) വഴിയാണ് ശുദ്ധസ്വർണം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. രാജ്യാന്തര നിലവാരം അനുസരിച്ച് യുഎഇ ഗുഡ് ഡെലിവറി (യുഎഇജിഡി) അംഗീകാരമുള്ള സ്വർണ ബാർ ഇടപാടാണു നടന്നിരിക്കുന്നത്. ശുദ്ധ സ്വർണവും വെള്ളിയും കയറ്റുമതി ചെയ്യുന്നതിനായി ഗുജറാത്തിലെ ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഏതാനും മാസം മുൻപാണ് ഐഐബിഎക്സ് പ്രവർത്തനമാരംഭിച്ചത്.
മുൻപ് റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കുകൾ, ഏജൻസികൾ വഴി മാത്രമാണ് സ്വർണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.എന്നാൽ ഇനി മുതൽ ഐഐബിഎക്സ് വഴിയായിരിക്കും സ്വർണ്ണവ്യാപാരം. ഐഐബിഎക്സിൽ അംഗമാകുന്ന ഇന്ത്യയിലെ ജ്വല്ലറികൾക്കു രാജ്യത്തിനകത്തു നിന്നുതന്നെ നേരിട്ടു ശുദ്ധ സ്വർണം വാങ്ങാം എന്നതാണു നേട്ടം. ഇന്ത്യയിലെ സ്വർണ വ്യാപാരം ഊർജിതമാക്കാനും ഇതു സഹായിക്കും.
നിലവിലെ വിലനിലവാരം അനുസരിച്ച് 57 ലക്ഷം ഡോളർ (46.9 കോടി രൂപ) മൂല്യം വരുന്ന 100 കിലോ സ്വർണ ഇടപാടാണ് എമിറേറ്റ്സ് ഗോൾഡ് റിഫൈനറി ഐഐബിഎക്സുമായി നടത്തിയിരിക്കുന്നത് . ആദ്യവർഷം ഒരു ശതമാനം ഡ്യൂട്ടി ഇളവോടെ 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാം.അടുത്ത ഓരോ വർഷവും 20 ടൺ വീതം വർധിപ്പിച്ചു 5 വർഷത്തിനകം പരമാവധി 200 ടൺ വരെ ഡ്യൂട്ടി ഇളവോടെ ഇറക്കുമതി ചെയ്യാം.