ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്; ഇടനാഴി പുനരുദ്ധാരണം ആദ്യ ഘട്ടം പൂർത്തിയായി

Update: 2022-12-26 07:28 GMT


ദുബായ് : ദുബായ്-അൽഐൻ റോഡ് ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ ഇടനാഴി പുനരുദ്ധാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായെന്നു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആർടിഎ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതികളൊന്നാണിത്. ഏതാണ്ട് നാലു കിലോമീറ്റർ ദൂരം റോഡുകളുടെ വീതി മൂന്നു ലെയ്നുകൾ നിന്നും നാലാക്കി ഉയർത്തി. ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നുവെന്നും ആർടിഎ അധികൃതർ അറിയിച്ചു.

ഒരു മണിക്കൂറിൽ 10,600 വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കും. ഇതോടെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് ഏഴായി കുറയും. ദ് ലഗൂൺസ്, ദുബായ് ക്രീക്ക് ഹാർബർ, മെയ്ദാൻ ഹൊറൈസൺസ്, റാസ് അൽഖോർ, നാദ് അൽ ഹമർ കോംപ്ലക്സ് എന്നിവിടങ്ങളിലുള്ള ആറരലക്ഷത്തോളം താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മതർ മുഹമ്മദ് അൽ തായർ വ്യക്തമാക്കി.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ റാസ് അൽ ഖോർ റോഡിന്റെ വീതികൂട്ടി ഇരു ഭാഗത്തേക്കും നാല് ലെയ്നുകൾ ആക്കി. രണ്ടു ലെയ്നുകളുള്ള സർവീസ് റോഡുകൾ നിർമിക്കുകയും ചെയ്തു. രണ്ട് പ്രധാന പാലങ്ങളും നിർമിച്ചു. 740 മീറ്റർ ദൂരമുള്ള മൂന്നു ലെയ്നുകൾ ഉള്ള ദുബായ് ക്രീക്കിലേക്കുള്ള പാലമാണ് ആദ്യത്തേത്. ഒരു മണിക്കൂറിൽ 7500 വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കും. രണ്ടു ലെയ്നുകൾ ഉള്ള 990 മീറ്റർ നീളമുള്ള പാലമാണ് രണ്ടാമത്തേത്. 3100 വാഹനങ്ങൾക്ക് ഒരു മണിക്കൂറിൽ ഇതിലൂടെ സഞ്ചരിക്കാം.

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ നാദ് അൽ ഹമറിൽ നിന്ന് റാസ് അൽ ഖോർ റോഡിൽ കയറി ദുബായ് -അൽഐനിലേക്ക് എളുപ്പത്തിൽ പോകാൻ 115 മീറ്റർ പാലവും നിർമിക്കുന്നുണ്ട്. റാസ് അൽ ഖോറിൽ നിന്ന് നാദ് അൽ ഹമർ ഭാഗത്തേക്ക് എളുപ്പത്തിൽ കയറിപ്പോകുന്നതിന് 368 മീറ്റർ നീളത്തിൽ ഇരട്ടവരി തുരങ്കവും നിർമിക്കുന്നുണ്ട്. ബർ ദുബായിൽ അൽ ജദ്ദാഫിനെ ബന്ധിപ്പിക്കാൻ ക്രീക്കിനു മുകളിലൂടെ ഒരു പാലം നിർമാണവും ഈ പദ്ധതിയിലുണ്ട്. ദുബായ് ക്രീക്ക് ഹാർബർ പദ്ധതി, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയുമായെല്ലാം ബന്ധിപ്പിക്കാൻ പുതിയ പദ്ധതി ഉപകരിക്കും.

Similar News