അബുദാബി∙: കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് അബുദാബിയിൽ റജിസ്ട്രേഷൻ നിർബന്ധമാക്കി. സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ റജിസ്ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ.നിർമാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനൽ മികവും ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ആർക്കിടെക്ചറൽ എൻജിനീയർമാരും റജിസ്റ്റർ ചെയ്യണം.തുല്യതാ സർട്ടിഫിക്കറ്റോ റജിസ്ട്രേഷൻ കാർഡോ ഉള്ളവർക്കു മാത്രമേ എൻജിനീയർ വീസ ലഭിക്കൂ. മറ്റു തസ്തികയിൽ ഉള്ളവർക്ക് എൻജിനീയറായി ജോലി ചെയ്യാൻ പാടില്ല.
സ്വഭാവ സർട്ടിഫിക്കറ്റ്, ലേബർ കാർഡ്, യുഎഇ സൊസൈറ്റി ഓഫ് എൻജിനീയേഴ്സിൽ അംഗത്വം എടുത്തതിന്റെ തെളിവ്, യുഎഇ റസിഡൻസ് വീസ അല്ലെങ്കിൽ ഇൻവെസ്റ്റർ കാർഡ്, മറ്റു എമിറേറ്റിൽ ജോലി ചെയ്തവരാണെങ്കിൽ അവിടുന്നുള്ള എൻജിനീയറിങ് ലൈസൻസ്, വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ് കോപ്പി എന്നിവയാണ് റജിസ്ട്രേഷനു വേണ്ടത്.
നിർമാണ മേഖലയിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് പ്രാക്ടീസിങ് എൻജിനീയർ എന്നും അല്ലാത്തവർക്ക് ട്രെയ്നി എൻജിനീയർ എന്ന കാർഡുമാണ് ലഭിക്കുക.യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത എൻജിനീയർ ബിരുദധാരികൾക്ക് താൽക്കാലിക ലൈസൻസ് നൽകും. 30 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത താൽക്കാലിക ലൈസൻസ്, 90 ദിവസത്തിനകം പൂർത്തിയാക്കാത്ത പെർമനന്റ് ലൈസൻസ് അപേക്ഷകളും റദ്ദാക്കും. എൻജിനീയർ, പാർട്ണർ, ഓഫിസ് മാനേജർ എന്നീ തസ്തികയിൽ ഉള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.
ടാം പോർട്ടലിന്റെ വെബ്സൈറ്റിൽ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, കമ്പനിയുടെ പേര്, മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ തെളിയിക്കുന്ന രേഖകൾ അപ് ലോഡ് ചെയ്യണം.അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള എൻജിനീയർ ബിരുദ സർട്ടിഫിക്കറ്റോ സെമസ്റ്റർ സംവിധാനത്തിൽ 160 ക്രെഡിറ്റ് അവേഴ്സ്, ക്വാട്ടേർലി സിസ്റ്റത്തിൽ 250 ക്രെഡിറ്റ് അവേഴ്സ് യൂറോപ്യൻ സിസ്റ്റത്തിൽ 36 യൂണിറ്റ് എന്നിവ ലഭിച്ച രേഖ അപ് ലോഡ് ചെയ്യണം. മാർക്ക് ലിസ്റ്റ്, പാസ്പോർട്ട്, സാക്ഷ്യപ്പെടുത്തിയ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ടത്.വിദേശ രാജ്യങ്ങളിലാണ് തൊഴിൽ പരിചയമെങ്കിൽ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തണം.
നിർമാണ പദ്ധതിയുടെ ടെൻഡർ എടുക്കണമെങ്കിൽ കമ്പനിക്ക് നിശ്ചിത ശതമാനം പ്രാക്ടീസിങ് എൻജിനീയർ, കൺസൽറ്റിങ് എൻജിനീയർ, ജൂനിയർ എൻജിനീയർ എന്നിവ ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ റജിസ്ട്രേഷൻ കൊണ്ട് കമ്പനിക്കാണ് നേട്ടം. എന്നാൽ ചെലവ് വ്യക്തികൾക്കും.
റജിസ്ട്രേഷനും എൻജിനീയറിങ് സൊസൈറ്റി അംഗത്വത്തിന്റെയും നിബന്ധനകൾ അനുസരിച്ച് യോഗ്യതാ, പരിചയ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അറ്റസ്റ്റ് ചെയ്യാൻ വൻതുക നൽകേണ്ടിവരും. റജിസ്റ്റർ ചെയ്ത എൻജിനീയർമാർക്ക് കുറഞ്ഞത് 12,000 ദിർഹം ശമ്പളം നൽകണമെന്നാണ് നിയമമെങ്കിലും പാലിക്കപ്പെടുന്നത് നാമമാത്ര കമ്പനികൾ മാത്രം. എൻജിനീയർമാരിൽ ഒട്ടേറെ മലയാളികളുമുണ്ട്.