കെനിയ : മൊംബാസയിൽ നിന്ന് ദുബായിലേക്ക് പുതിയ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് കെനിയ എയർവേസ് പ്രഖ്യാപിച്ചു. ആഴ്ചയിൽ നാല് തവണ ബോയിംഗ് 737-800 സർവീസ് നടത്തുമെന്ന് എയർലൈൻ അറിയിപ്പിൽ പറഞ്ഞു. എയർലൈൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കെനിയയുടെ നെറ്റ്‌വർക്ക് വിപുലീകരണത്തിന്റെയും, കെനിയയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നതെന്ന് എയർലൈൻ ചീഫ് കസ്റ്റമർ & കൊമേഴ്‌സ്യൽ ഓഫീസർ ജൂലിയസ് തൈരു പറഞ്ഞു. കെനിയയെ മിഡിൽ ഈസ്റ്റുമായി നേരിട്ട് ബന്ധിപ്പിച്ച് ടൂറിസം മേഖലയിലെ ദശലക്ഷക്കണക്കിന് ജോലികൾ നിലനിർത്താനുള്ള ശ്രമമാണ് ഈ ചരിത്രപരമായ എയർ ലൈൻ റൂട്ട് സാധ്യമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും എയർലൈൻ പറഞ്ഞു. കെനിയയിലേക്കുള്ള യാത്രാ സമയം കുറയുന്നത് പ്രദേശത്തെ വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.