അബുദാബി : യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാഷീദ് റോവർ നാളെ ബഹിരാകാശത്തേക്ക് പറന്നുയരും. റാഷിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . ഞായറാഴ്ച രാവിലെ 11.38 ന് യു.എസിലെ ഫ്‌ലാറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് റാഷിദ് റോവർ വിക്ഷേപിക്കുക.സാങ്കേതിക കാരണങ്ങളാൽ പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു.
അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കമെന്നാണ് കരുതുന്നത്. ഐ സ്‌പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. ഇതുവരെ, അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമേ ചന്ദ്രോപരിതലത്തിൽ പേടകം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 'റാശിദ്' ദൗത്യം വിജയിച്ചാൽ റോവർ ചന്ദ്രനിൽ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകൾ, ചന്ദ്ര പാറകളുടെ ഘടനയും ഗുണങ്ങളും, ചന്ദ്രന്റെ ഭൂമിശാസ്ത്രവും പഠിക്കൽ എന്നിവയാണ് 'റാശിദി'ലൂടെ ലക്ഷ്യമിടുന്നത്.