ജോലിക്കിടെ കൈ അറ്റ് പോയ തൊഴിലാളിക്ക് ഒരു ലക്ഷം ദിർഹം നഷ്ട പരിഹാരം വിധിച്ച് കോടതി
യു എ ഇ : റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുടുങ്ങി കൈ അറ്റുപോയ തൊഴിലാളിക്ക് 100,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് അബുദാബി സിവിൽ കോടതി. തൊഴിലുടമയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. തനിക്ക് അനുഭവപ്പെട്ട വേദനയ്ക്കും കൈ നഷ്‌ടത്തിനും നഷ്ടപരിഹാരമായി തൊഴിലുടമ 200,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി നൽകിയ കേസിലാണ് തൊഴിലാളിക്ക് അനുകൂലമായി വിധി വന്നത്. തൊഴിലിടത്തിലെ സുരക്ഷയിൽ തൊഴിലുടമ വീഴ്ച വരുത്തിയിരുന്നുവെന്നും, ജോലിക്ക് അനുകൂലമായ സുരക്ഷാ സാഹചര്യം നൽകാതിരുന്നതിനാലാണ് തനിക്ക് വലതു കൈ നഷ്ടപ്പെട്ടതെന്നും തൊഴിലാളി കോടതിയോട് പറഞ്ഞു. കോടതി തൊഴിലുടമയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. പരാതിക്കാരന് നഷ്ടപരിഹാരമായി തൊഴിലുടമ ഒരു ലക്ഷം ദിർഹം നൽകണമെന്നും, കോടതി ചിലവുകൾ വഹിക്കണമെന്നും അബുദാബി സിവിൽ കോടതി വിധിച്ചു.