ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിലെ ജീവൻ തുടിക്കുന്ന മെഴുകുതിരി പ്രതിമകളുടെ ചുക്കാൻപിടിച്ചത് പത്തനംതിട്ടക്കാരൻ. 16 മെഴുക് പ്രതിമകളുമായി ദുബായ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയാനിലുള്ള വാക്സ് മ്യൂസിയം സന്ദർശകർക്കായി തുറന്നു. പത്തനംതിട്ട സ്വദേശിയും യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പ് മേധാവിയുമായ തോമസ് മൊട്ടയ്ക്കലാണ് ഇന്ത്യൻ പവിലിയൻ നിർമാണത്തിന് നേതൃത്വം നൽകിയത്. മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന മെഴുകു പ്രതിമകളാണ് ഇത്തവണത്തെ മുഖ്യ ആകർഷണം. മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോ ബൈഡൻ അടക്കം 16 മഹദ് വ്യക്തികളുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ഇവിടെയുണ്ട്.
ലോകപ്രശസ്തമായ നിരവധി നിർമിതികൾക്ക് നേതൃത്വം നൽകിയതും തോമസ് മൊട്ടയ്ക്കലിന്റെ നേതൃത്വത്തിലാണ്. ഗ്ലോബൽ വില്ലേജിലെ പ്രധാന പവിലിയനുകളിലൊന്നാണ് ഇന്ത്യാ പവിലിയൻ. വെറും രണ്ട് മാസംകൊണ്ടായിരുന്നു 10000 ചതുരശ്ര മീറ്ററിൽ ഏറ്റവും മനോഹരമായ പവിലിയന്റെ നിർമ്മാണം. തനത് കലകൾ, ശിൽപങ്ങൾ തുടങ്ങി ഇന്ത്യൻ സംസ്‌കാരത്തിന്റെ എല്ലാ അടയാളങ്ങളും പവിലിയനിൽ കാണാം. വേൾഡ് മലയാളി കൗൺസിൽ അഡ്മിൻ വൈസ് പ്രസിഡന്റ് സി.യു. മത്തായി, ചാൾസ് പോൾ, ഡൊമനിക് ജോസഫ്, ശ്രീകുമാർ മാക് ഇവന്റ്‌സ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.