ഷാർജ : ഷാർജയിൽ ഇനി പാർക്കിങ്ങിന് ചിലവേറും. എമിറേറ്റിന്റെ പുറം ഭംഗി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗജന്യ പാർക്കിങ് സംവിധാനങ്ങൾ അടച്ചുപൂട്ടും. മണൽ പരപ്പുകളിലും മറ്റും സൗജന്യമായി ലഭിച്ചിരുന്ന പാർക്കിങ്ങുകളിൽ അലസമായി പാർക്ക് ചെയ്യുന്നതും,വാഹനങ്ങൾ എടുക്കാൻ തടസ്സമുണ്ടാകുന്നതും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്താൻ കാരണമാണ്. താമസക്കാർ പണം നൽകിയുള്ള പബ്ലിക് പാർക്കിങ്ങോ പ്രൈവറ്റ് പാർക്കിങ്ങോ തേടേണ്ടിവരും. ഇതുവഴി മാസത്തിൽ 300 ദിർഹമെങ്കിലും അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഷാർജയിലെ പല സ്ഥലങ്ങളിലും പെയ്ഡ് പാർക്കിങ്ങുണ്ടെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ മണൽപരപ്പുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും സൗജന്യമായി പാർക്ക് ചെയ്യാമായിരുന്നു. ഈ സ്ഥലങ്ങൾ ഓരോന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ് ഷാർജ അധികൃതർ. വർഷങ്ങളായി പൊതു പാർക്കിങ് ഏരിയകൾ വികസിപ്പിക്കുന്നുണ്ട്. എമിറേറ്റിന്റെ സൗന്ദര്യവത്കരണവും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് കൂടുതൽ പാർക്കിങ് ഏരിയകൾ വികസിപ്പിക്കുന്നത്. നിലവിൽ 57,000ത്തോളം പൊതുപാർക്കിങ്ങുകൾ ഷാർജയിലുണ്ട്. ഇവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. ഒക്ടോബറിൽ 53 സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. പകരം 2440 പുതിയ പാർക്കിങ് തുറക്കുകയും ചെയ്തു. സൗജന്യ പാർക്കിങ് അടക്കുന്നതോടെ സ്വകാര്യ പാർക്കിങ് ഓപറേറ്റർമാർ ഫീസ് വർധിപ്പിക്കുന്നതായും ആരോപണമുണ്ട്. ഒരു മാസത്തേക്ക് എന്ന നിരക്കിൽ വാടകക്ക് നൽകുന്നവരാണ് നിരക്ക് വർധിപ്പിക്കുന്നത്. അതേസമയം, കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും സ്വകാര്യ ഓപറേറ്റർമാർ നടത്തുന്നുണ്ട്.