ഐശ്വര്യ രജനികാന്തിന്റെ 'ലാൽ സലാം' ട്രെയ്‍ലറിന് ആശംസയുമായി ധനുഷ്

Update: 2024-02-06 10:38 GMT

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'ലാൽ സലാമി'ന്റെ ട്രെയ്‍ലർ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയ്‍ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ ഐശ്വര്യയ്ക്ക് ആശംസകൾ നേർന്നു. അപ്രതീക്ഷിതമായി ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഐശ്വരിയുടെ മുൻ ഭർത്താവും നടനുമായ ധനുഷ്. ട്രെയ്‍ലര്‍ പങ്കുവെച്ചു കൊണ്ട് ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് ധനുഷ് എക്‌സിൽ കുറിച്ചിരിക്കുന്നത്.

ഐശ്വര്യയുമായി വേര്‍പിരിഞ്ഞെങ്കിലും രജനികാന്തിനോട് എന്നും ആദരവും സ്നേഹവും ധനുഷ് കാണിക്കാറുണ്ട്. രജനികാന്തിന്റെ ജയിലര്‍ അടക്കമുള്ള ചിത്രങ്ങള്‍ ആദ്യദിനത്തില്‍ തന്നെ ധനുഷ് തീയേറ്ററില്‍ എത്തി കണ്ടിട്ടുണ്ട്. ധനുഷും ഐശ്വര്യയും വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇതുവരെ ഇരുവരും നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നാണ് വിവരം. സ്പോർട്ട്സ് ഡ്രാമ ഴോണറിലൊരുങ്ങുന്ന 'ലാൽ സലാം' സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ട്രെയ്‍ലറിലെ ചില ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ രജനികാന്തിന്റെ മൊയ്ദീൻ എന്ന കഥാപാത്രം ആവേശം കൊള്ളിക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്.

മാസ് ഡയലോഗുകളും പെർഫോമൻസും രജനികാന്തിൽ നിന്ന് ലാൽ സലാമിലൂടെ കാണാൻ സാധിക്കുമെന്ന സൂചനകളാണ് ട്രെയ്‍ലർ വീഡിയോ നൽകുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. പൊങ്കൽ റിലീസായി വരാനിരുന്ന ചിത്രം ഫെബ്രുവരി ഒൻപതിനാണ് ആഗോള തലത്തിൽ റിലീസിനെത്തുന്നത്. 2024ലെ പൊങ്കലിന് ലാൽ സലാം തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ 2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽ സലാം റിലീസ് ചെയ്തേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പിന്നീട് വന്നു. പിന്നീടാണ് ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യാന്‍ തീരുമാനമായത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Similar News