നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ; ദൗത്യം ഓസോൺപാളിയുടെ നിരീക്ഷണവും ഗവേഷണവും

Update: 2024-10-25 12:41 GMT

ഓസോൺപാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ ആരംഭിച്ചേക്കും. കൊച്ചി സർവകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. പദ്ധതിക്കായി അമേരിക്കയിലെ മേരീലാൻഡ് സർവകലാശാല, നാസ ഗോദാർഡ് സ്പെയ്‌സ്‌ ഫ്ളൈറ്റ് സെന്റർ എന്നിവയുമായി കുസാറ്റ് കാലാവസ്ഥാപഠന വകുപ്പ് ധാരണയിലെത്തിയിട്ടുണ്ട്.

മലേഷ്യ, ഇൻഡൊനീഷ്യ, വിയറ്റ്‌നാം, ഫിജി, ബ്രസീൽ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിലാണ് നിലവിൽ ഷാഡോസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓസോൺ പാളിയിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ട് എന്ന് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽനിന്ന്‌ പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളാണ് ഇതിന് കാരണം. ഓസോൺ പാളി സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് 1998 മുതൽ ഉഷ്ണമേഖലാ രാജ്യങ്ങളിൽ നാസ സതേൺ ഹെമിസ്ഫറിക് അഡീഷണൽ ഓസോൺ സോൺഡേ അഥവാ ഷാഡോസ് പ്രോജക്ട് നടപ്പാക്കുന്നത്.

ഷാഡോസ് കേന്ദ്രത്തിൽനിന്ന്‌ സ്ട്രാറ്റോസ്ഫിയറിലേക്ക് കാലാവസ്ഥാപഠന ബലൂണുകളിലൂടെ ഓസോൺ സാന്ദ്രത അളക്കാൻ കഴിയുന്ന ‘ഓസോൺസോണ്ടേ’ എന്ന ഉപകരണം അയക്കും. ഇതിൽനിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയാണ് പാളിയിലെ ശോഷണവും വിള്ളലും കണ്ടെത്തുന്നത്. ഒരുതവണ ബലൂൺ വിക്ഷേപിക്കാൻ 40,000 രൂപയോളമാണ് ചെലവ്. മാസത്തിൽ നാലുതവണയെങ്കിലും വിക്ഷേപണമുണ്ടാവും.

Tags:    

Similar News