രഞ്ജി ട്രോഫിയിൽ കത്തിക്കയറി അർജുൻ ടെൻഡുൽക്കർ ; ഐപിഎൽ ലേലത്തിൽ ഗുണം ചെയ്തേക്കും
രഞ്ജി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ഇടങ്കയ്യന്‍ ഓള്‍റൗണണ്ടര്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിനാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന്‍ ആദ്യമായിട്ടാണ് രഞ്ജിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.
പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ അഞ്ച് പേരെ പുറത്താക്കിയത്. ഇതോടെ അരുണാചല്‍ 30.3 ഓവറില്‍ എല്ലാവരും പുറത്താവുകയും ചെയ്തു. മോഹിത് റെദ്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള അരുണാചല്‍ ക്യാപറ്റന്‍ ക്യാപ്റ്റന്‍ നബാം അബോയുടെ തീരുമാനം പിഴയ്ക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. തന്റെ ആദ്യ ഓവറില്‍ തന്നെ നബാം ഹച്ചാങ്ങിനെ പൂജ്യത്തിന് പുറത്താക്കി അര്‍ജുന്‍. ബൗള്‍ഡാവുകയായിരുന്നു താരം. അതേ രീതിയില്‍ മറ്റൊരു ഓപ്പണര്‍ നീലം ഒബിയെയും (22) അദ്ദേഹം പുറത്താക്കി. പിന്നീട് ചിന്മയ് പാട്ടിലിനെ (3) മടക്കിയ അര്‍ജുന്‍ തൊട്ടടുത്ത പന്തില്‍ ജയ് ഭാവ്സറിനെ (0) ഗോള്‍ഡന്‍ ഡക്ക് ആക്കി തിരിച്ചയച്ചു. അര്‍ജുന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുര്‍ന്ന് മോജിയെ (0) ബൗള്‍ഡാക്കി അര്‍ജുന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
രഞ്ജി ട്രോഫി ഈ സീസണില്‍ ഗോവയ്ക്ക് വേണ്ടി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നാല് മത്സരങ്ങളില്‍ നിന്ന് 17.75 ശരാശരിയില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട. 3.08 എന്ന ഇക്കോണമിയിലാണ് നേട്ടം. സീസണില്‍ ഗോവയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് അര്‍ജുന്‍.
സിക്കിമിനെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി 112 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്താന്‍ അര്‍ജുന് സാധിച്ചിരുന്നു. ആ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 42 റണ്‍സും താരം നേടി. മിസോറാമിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിംഗിനെത്തിയപ്പോള്‍ പൂജ്യത്തിന് പുറത്തായി. അരുണാചലിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനം ഐപിഎല്‍ താരലേലം നടക്കാനിരിക്കെ താരത്തിന് ഗുണം ചെയ്‌തേക്കും.