‘ഗുഡ് ബൈ റസ്ലിങ്’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Update: 2024-08-08 03:02 GMT

പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്.സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Full View

‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’, തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് അവർ എക്സിൽ കുറിച്ചു.

സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്‌ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് അവർ ഏറ്റുമുട്ടേണ്ടിയിരുന്നത്.

വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. അധിക ഭാരം ഇല്ലാതാക്കാനായി രാ​ത്രിയുലടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം. മുടിവെട്ടിയും രക്തം പുറത്തുകളഞ്ഞും വരെ ഭാരം കുറക്കാൻ കഠിന പ്രയത്നം തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് അവർ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.

“വിനേഷിന് പിന്തുണ പ്രഖ്യാപിച്ച് ​പ്രധാനമന്ത്രി ഇന്നലെ രംഗത്തുവന്നിരുന്നു. നിങ്ങൾ ചാമ്പ്യന്മാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. നിങ്ങൾ പ്രതിരോധത്തിന്‍റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ നേരിട്ടു സ്വീകരിക്കുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

Tags:    

Similar News