ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും സര്‍ക്കാരിന്റെ അവഗണന തുറന്നടിച്ച് ശ്രീജേഷ്

Update: 2023-10-12 11:20 GMT

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം നല്‍കിയപ്പോള്‍ മലയാളി താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ല  ഇതുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയായ പി.ആര്‍.ശ്രീജേഷ്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് സ്വര്‍ണം നേടിയത്. ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യന്‍ വല കാത്തത് ശ്രീജേഷായിരുന്നു. ഒളിമ്പിക്‌സില്‍ ശ്രീജേഷ് വെങ്കലമെഡല്‍ നേടിയിരുന്നു.

ശ്രീജേഷ് ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ക്ക് വേണ്ടി ഇതുവരെ ഒരു സമ്മാനത്തുകയും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹോക്കി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ഒഡിഷ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിനും ഇത് ലഭിക്കും. ഹരിയാണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് മൂന്ന് കോടി രൂപയും വെള്ളി നേടിയവര്‍ക്ക് 1.5 കോടി രൂപയും വെങ്കലം നേടിയ താരങ്ങള്‍ക്ക് 75 ലക്ഷം രൂപയും സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. മറ്റ് പല സംസ്ഥാനങ്ങളും സമ്മാനത്തുകയും ജോലിയുമെല്ലാം താരങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

Tags:    

Similar News