രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളികളായി​ സൗദി അറേബ്യയുടെ ‘നിയോം’

Update: 2024-03-05 05:54 GMT

രാജസ്ഥാൻ റോയൽസിന്റെ പ്രധാനപങ്കാളിയായി തങ്ങൾ നിയമിതരായെന്ന് സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ 'നിയോം' അറിയിച്ചു. ടീം ഉടമസ്ഥരുമായി ഒപ്പുവെച്ച കരാർ പ്രകാരം, 2024ലും 2025ലും നടക്കുന്ന ഇന്ത്യ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് നിയോം ലോഗോ പതിച്ച ജഴ്‌സിയണിയും. ഞങ്ങളുടെ പ്രധാന പങ്കാളിയായി നിയോം എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്നും ആഗോളതലത്തിൽ വ്യാപിക്കാനുള്ള ടീമിന്റെ പ്രയത്‌ന പാതയിൽ ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും രാജസ്ഥാൻ റോയൽസിന്റെ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷമായി, ഞങ്ങൾ നിയോമുമായി സഹകരിക്കുന്നുണ്ട്. ഒരു ഫ്രാഞ്ചൈസിയും ക്രിക്കറ്റ് വിദഗ്ധരും എന്ന നിലയിൽ നല്ല സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. നിയോം നഗരത്തിനുള്ളിൽ ഒരു കായികയിനമെന്ന നിലയിൽ ക്രിക്കറ്റിനെ എത്തിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമല്ല, സജീവവും വിശാലഹൃദയരുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുക എന്ന അവരുടെ ദൗത്യത്തിൽ മികച്ച സംഭാവന നൽകുകയും ചെയ്തു. സൗദി അറേബ്യൻ ഭരണകൂടവും സൗദി ക്രിക്കറ്റ് ഫെഡറേഷനും നയിക്കുന്ന രാജ്യത്തുടനീളമുള്ള കായികരംഗത്തിന്റെ മൊത്തത്തിലുള്ള വളർച്ചക്ക് സംഭാവന നൽകാനുള്ള നിയോമിൽ ക്രിക്കറ്റിന്റെ പതാകവാഹകരാകുന്നതിൽ ഞങ്ങൾ കൂടുതൽ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ലെ പ്രാഥമിക സഹകരണത്തിന്റെ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഉടമ്പടിയുടെ ഭാഗമായി രാജസ്ഥാൻ റോയൽസും സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷനും സംയുക്തമായി നിയോമിൽ സൗദി യുവതീയുവാക്കൾക്ക് ക്രിക്കറ്റിൽ തങ്ങളുടെ പ്രതിഭയെ പരിപോഷിപ്പിക്കാനുള്ള അവസരമൊരുക്കും. രാജസ്ഥാൻ റോയൽസുമായി ഇത്തരമൊരു പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ വളരെ ത്രില്ലിലാണെന്നും രാജ്യത്തുടനീളം കായികരംഗത്തിന്റെ വളർച്ചക്ക് ഇത് വലിയ വാഗ്ദാനമാണെന്നും സൗദിയിൽ ഒരു ഊർജ്ജസ്വലമായ ക്രിക്കറ്റ് സമൂഹത്തെ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ അമീർ സഊദ് ബിൻ മിശ്അൽ അൽസഊദ് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയത്തോടെ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് മുഖ്യപങ്കാളിയായി ഞങ്ങൾ മാറുകയാണെന്നും നിയോം മാനേജിങ് ഡയറക്ടർ ജാൻ പീറ്റേഴ്‌സൺ മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക വളർച്ചയ്ക്കുള്ള ഒരു ഉപകരണമായി ക്രിക്കറ്റിനെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ, രാജസ്ഥാൻ റോയൽസ് എന്നിവയുമായി യോജിച്ച് പ്രവർത്തിക്കുന്നത് യുവതിയുവാക്കൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റിൽ തങ്ങളുടെ കഴിവുകളെ പോഷിപ്പിക്കാൻ മികച്ച അവസരമൊരുക്കും. ഇത് വ്യക്തിഗത തലത്തിൽ രാജ്യവാസികളുടെ വികസനത്തിന് വഴിയൊരുക്കുകയും ആഗോളതലത്തിൽ നിയോം ബ്രാൻഡിനെ ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള കായിക വളർച്ചക്ക് വലിയ സംഭാവന നൽകുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News