സന്തോഷ് ട്രോഫി ഫുട്ബോൾ ; അരുണാചൽ പ്രദേശിനെ തകർത്ത് കേരളം

Update: 2024-02-28 14:09 GMT

സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന് അരുണാചൽ പ്രദേശിനെ കീഴടക്കിയാണ് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35ആം മിനിറ്റിൽ മുഹമ്മദ് ആഷിക്കും, 52ആം മിനിറ്റിൽ അർജുനുമാണ് മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടത്.

കിക്കോഫ് മുതൽ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ കേരളം കഴിഞ്ഞ മത്സരങ്ങളിലെ വീഴ്ചകൾ പരിഹരിച്ചാണ് കളത്തിൽ നിറഞ്ഞത്. മധ്യ നിരയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. അരുണാചൽ ഗോൾകീപ്പറുടെ മികച്ചപ്രകടനവും ആദ്യ അരമണിക്കൂറിൽ ഗോൾ നേടുന്നതിൽ നിന്ന് അകറ്റിനിർത്തി. എന്നാൽ എതിർ പ്രതിരോധകോട്ട ഭേദിച്ച് ടീം ഗെയിമിലൂടെ 35ആം മിനിറ്റിൽ സന്ദർശകർ ലീഡ് സ്വന്തമാക്കി. വലതുവിങിലൂടെ മുന്നേറി സഫ്‌നീദ് ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി മുഹമ്മദ് ആഷിക് ഹെഡ്ഡ് ചെയ്തു.

രണ്ടാം പകുതിയിലും കേരളത്തിന്റെ ആധിപത്യമായിരുന്നു കളത്തിൽ. 52ആം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച ത്രോബോളാണ് ഗോളിലേക്കെത്തിച്ചത്. ബോക്‌സിലേക്ക് നൽകിയ ലോങ്‌ത്രോ ക്ലിയർ ചെയ്യുന്നതിൽ അരുണാചൽ താരങ്ങൾക്ക് പിഴച്ചു. അർജുൻ ഉതിർത്ത ബുള്ളറ്റ്ഷോട്ട് ഗോൾകീപ്പറുടെ കൈവഴുതി വലയിലേക്ക്. അവസാന മിനിറ്റുകളിൽ നോർത്ത് ഈസ്റ്റ് ക്ലബിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച് ഫൈനൽറൗണ്ടിലെ രണ്ടാം ജയം കേരളം സ്വന്തമാക്കി. ജയത്തോടെ ഗ്രൂപ്പ് എയിൽ കേരളം മൂന്നാംസ്ഥാനത്തേക്കുയർന്നു. അവസാന മത്സരത്തിൽ സർവ്വീസസിനെതിരെ സമനില നേടിയാൽപോലും കേരളത്തിന് ക്വാർട്ടറിലെത്താം.

Tags:    

Similar News