ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധനയുമായി ബിസിസിഐ
ഐപിഎല്‍ താരലേലത്തില്‍ നിർണായക മാറ്റവുമായി ബിസിസിഐ. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി വാശിയേറിയ ലേലമാണ് നടന്നത്. പിന്നാലെ 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കി. ഇത് കണ്ട് അന്ന് ഇന്ത്യൻ താരങ്ങൾ പോലും അന്തവിട്ടു. എന്നാൽ ഇത്തവണ വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ.
ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന തുകയോ ഒരു ഇന്ത്യൻ താരത്തെ നിലനിര്‍ത്താന്‍ മുടക്കുന്ന തുകയോ ഏതാണ് കുറവ് ആ തുകയ്ക്ക് മുകളില്‍ ഒരു വിദേശ താരത്തെ ടീമുകള്‍ക്ക് വിളിക്കാനാകില്ല എന്നതാണ് പുതിയ നിബന്ധന.
അസേതമയം,ലേലത്തില്‍ വിദേശതാരത്തിനായി എത്ര തുക വേണമെങ്കിലും കൂട്ടി വിളിക്കുന്നതിന് ടീമുകള്‍ക്ക് തടസമില്ല. ഉദാഹരണത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെടുക്കുകയും ഇന്ത്യൻ താരത്തിനായി ലേലത്തില്‍ മുടക്കുന്ന തുക 16 കോടിയായിരിക്കുകയും ചെയ്താല്‍ സ്റ്റാര്‍ക്കിന് ലഭിക്കുക 16 കോടി മാത്രമായിരിക്കും. കൊല്‍ക്കത്ത മുടക്കുന്ന 24.75 കോടിയില്‍ 16 കോടി സ്റ്റാര്‍ക്കിന് നല്‍കുന്നത് കിഴിച്ചുള്ള തുക ബിസിസിഐയുടെ അക്കൗണ്ടിലേക്ക് പോകും. ഈ തുക കളിക്കാരുടെ ക്ഷേമത്തിനായി നീക്കിവെക്കും.