മെസ്സിയുടെ പാസുകള്‍ പോലും ഓരോ കലാസൃഷ്ടികളാണ് - റോജര്‍ ഫെഡറര്‍

Update: 2023-04-14 09:54 GMT

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു ആമുഖവും വേണ്ടാത്ത താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോക കായിക രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന്. ടൈം മാഗസിനിന്റെ 2023-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡററുടെ കുറിപ്പ്.

'ലയണല്‍ മെസ്സിയുടെ ഗോള്‍ സ്‌കോറിങ് റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും ഇവിടെ വിവരിക്കേണ്ടതില്ല. മഹാനായ കളിക്കാരനെന്ന നിലയില്‍ വര്‍ഷങ്ങളായി സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് 35-കാരനായ മെസ്സിയെ വേറിട്ടുനിര്‍ത്തുന്ന ഘടകം. നേടിയെടുക്കാനും തുടര്‍ന്ന് നിലനിര്‍ത്താനും വളരെ ബുദ്ധിമുട്ടുള്ളതാണത്. ഒരു മാന്തികനെ പോലെയാണ് അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്, അദ്ദേഹത്തിന്റെ പാസുകള്‍ തന്നെ കലാസൃഷ്ടികളാണ്.' - ഫെഡറര്‍ കുറിച്ചു.

'എന്റെ കരിയര്‍ അവസാനിച്ചിരിക്കുന്നു. ഞങ്ങള്‍ അത്‌ലറ്റുകള്‍ എത്രമാത്രം ഭാരമാണ് വഹിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍, ഞങ്ങള്‍ അത് തിരിച്ചറിയുന്നുപോലുമില്ല. മെസ്സിയെപ്പോലൊരു ഫുട്ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം ആ ഭാരം വളരെ വലുതാണ്. ലോകപ്രശസ്തമായ ക്ലബിനെയും ആവേശഭരിതമായ രാജ്യത്തെയുമാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. അര്‍ജന്റീനയുടെ ലോകകപ്പ് വിജയം ഗംഭീരമായിരുന്നു. ലക്ഷക്കണക്കിന് ആരാധകര്‍ ബ്യൂണസ് ഐറിസിലെ തെരുവുകളില്‍ ആഘോഷിക്കാന്‍ എത്തിയത് ലോകം സാക്ഷ്യം വഹിച്ച കായികരംഗത്തെ അദ്ഭുതകരമായ നിമിഷമായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News