റിങ്കു സിംഗിനെ ധരംശാലയിലേക്ക് വിളിച്ച് വരുത്തി ട്വന്റി-20 ലോകകപ്പിന്റെ ഫോട്ടോ ഷൂട്ട്; സഞ്ജു സാംസാണ് ക്ഷണമില്ലേയെന്ന് ആരാധകർ

Update: 2024-03-05 16:10 GMT

ഇന്ത്യന്‍ താരം റിങ്കു സിംഗ് കഴിഞ്ഞ ദിവസം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് വേദിയാവുന്ന ധരംശാലയിലെത്തിയത് ട്വന്റി-20 ലോകകപ്പിന്‍റെ ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. ട്വന്റി-20 ലോകകപ്പ് ടീമില്‍ ഫിനിഷറായി ഇടം ഉറപ്പിച്ച റിങ്കുവിനെ ധരംശാലയിലേക്ക് ബിസിസിഐ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ധരംശാലയിലെത്തിയ റിങ്കു ഇംഗ്ലണ്ട് കോച്ച് ബ്രെണ്ടന്‍ മക്കല്ലവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുന്‍ താരവും പരിശീലകനും കൂടിയാണ് മക്കല്ലം. ഫോട്ടോ ഷൂട്ടിന് ശേഷം റിങ്കു ഐപിഎല്‍ ഒരുക്കങ്ങള്‍ക്കായി തിരിച്ചുപോകുകയും ചെയ്തു.

ട്വന്റി-20 ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള കളിക്കാരുടെ ഫോട്ടോ ഷൂട്ടാണ് ധരംശാലയിലെ മനോഹരമായ പശ്ചാത്തലത്തില്‍വെച്ച് നടത്തിയത് എന്നാണ് സൂചന. അങ്ങനെയെങ്കില്‍ മലയാളി താരം സ‍ഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെ എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പ് ടീമിന്‍റെ നായകനായ രോഹിത് ശര്‍മ, രോഹിത്തിനൊപ്പം ഓപ്പണറാകുമെന്ന് കരുതുന്ന യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെല്ലാം അഞ്ചാം ടെസ്റ്റിനായി ധരംശാലയിലുണ്ട്. ഇതിനിടെയാണ് ലോകകപ്പ് ടീമിന്‍‍റെ ഭാഗമാവാനുള്ള താരങ്ങളുടെ ഫോട്ടോ ഷൂട്ട് ധരംശാലയില്‍ തന്നെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിങ്കുവിന് പുറമെ മറ്റ് ചില താരങ്ങളും ഫോട്ടോ ഷൂട്ടിന് എത്തിയിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ ഉറപ്പായും ഉണ്ടാവുമെന്ന് കരുതുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങള്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തോ എന്ന് വ്യക്തമല്ല.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ മെയ് ഒന്നാണ് പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. മെയ് 25 വരെ സ്ക്വാഡില്‍ മാറ്റം വരുത്തനാവും. 26നാണ് ഐപിഎല്‍ ഫൈനല്‍. ലോകകപ്പ് ടീമിനെ രോഹിത് തന്നെ നയിക്കുമെന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News