ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
2021 നവംബറില്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം നീട്ടിനല്‍കുകയായിരുന്നു. 2024 ടി20 ലോകകപ്പ് വരെയാണിത്. ഇതോടെ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീകനുണ്ടായേക്കും.
അതേസമയം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് വീണ്ടും അപേക്ഷ നല്‍കാമെന്നും ജയ് ഷാ പറഞ്ഞു. അതായത് ദ്രാവിഡിന് നേരിട്ട് കരാര്‍ പുതുക്കിനല്‍കിയേക്കില്ല. ഒരു വിദേശ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് അടക്കം പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളെ പരിശീലകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.