രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കാൻ പരിശീലകനായി; രാജസ്ഥാനുമായി കരാറൊപ്പിട്ടു

Update: 2024-09-04 11:08 GMT

ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനാകും. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനം ദ്രാവിഡ് ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡ് വീണ്ടും ഐപിഎല്ലില്‍ പരിശീലകനാകുന്നത്. അടുത്ത സീസണിലേക്കാണ് ദ്രാവിഡ് രാജസ്ഥാന്‍റെ പരിശീലകനായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ദ്രാവിഡിന്‍റെ സഹപരിശീലകനായി ഇന്ത്യൻ ടീം മുൻ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനെ എത്തിക്കാനും രാജസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ദ്രാവിഡ് അടുത്തിടെ ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014, 2015 സീസണുകളിൽ രാജസ്ഥാന്‍ റോയല്‍സിന്‍റെ മെന്‍ററും ഡയറക്ടറുമായിരുന്നു രാഹുല്‍ ദ്രാവിഡ്.

മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2021ലാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ കഴിഞ്ഞ ജൂണില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്‍റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിലും കളിച്ചിരുന്നു.

Tags:    

Similar News