ഭാഗ്യമില്ലാത്ത ക്രിക്കറ്റ് താരമായാണു തന്നെ ആളുകൾ കാണുന്നതെന്ന് സഞ്ജു സാംസൺ. 'ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകൾ എന്നെ വിളിക്കുന്നത്. എന്നാൽ എനിക്ക് എത്താൻ പറ്റുമെന്നു ഞാൻ കരുതിയതിനേക്കാൾ വളരെ ഉയരത്തിലാണു ഞാനിപ്പോൾ നിൽക്കുന്നത്.' സഞ്ജു സാംസൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2015ൽ ട്വന്റി20യിൽ അരങ്ങേറിയ മലയാളി താരം ഇതുവരെ 24 മത്സരങ്ങൾ മാത്രമാണു കളിച്ചിട്ടുള്ളത്. ട്വന്റി20യിൽ 374 റൺസ് ആകെ നേടി. ഏകദിനത്തിൽ 12 ഇന്നിങ്‌സുകളിൽനിന്ന് 390 റൺസാണു താരത്തിന്റെ സമ്പാദ്യം
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്നു മികച്ച പിന്തുണയാണു തനിക്കു ലഭിച്ചതെന്നും സഞ്ജു സാംസൺ പ്രതികരിച്ചു.' ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞാൻ നന്നായി കളിക്കുന്നുണ്ടെന്ന് രോഹിത് ശർമ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ മുംബൈ ഇന്ത്യൻസിനെതിരെ വളരെയധികം സിക്‌സുകൾ അടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നെ നല്ലപോലെ പിന്തുണച്ചിട്ടുണ്ട്.' സഞ്ജു സാംസൺ വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഐപിഎല്ലിൽ 152 മത്സരങ്ങളിൽനിന്നായി 3888 റൺസ് താരം നേടിയിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ നടന്ന ടീം ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലാണ് സഞ്ജു ഒടുവിൽ കളിച്ചത്.