പാക്കിസ്ഥാനെ തകർത്തു, അടുത്തത് ഇന്ത്യയ്ക്കെതിരെ; വിജയം ആവർത്തിക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ

Update: 2024-09-04 11:43 GMT

ഇന്ത്യയ്ക്കെതിരായുള്ള അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് നടത്തിയ പോരാട്ടം ഇന്ത്യയ്ക്കെതിരെയും ആവർത്തിക്കണമെന്നും ബംഗ്ലദേശ് നായകൻ പറഞ്ഞു. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

‘‘ഇന്ത്യയ്ക്കെതിരായ പരമ്പര ഞങ്ങൾക്കു വളരെയധികം പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെതിരെയുള്ള ഈ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുഷ്ഫിഖർ റഹീം, ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്കെതിരെ നിർണായകമാകും.’’ ഷന്റോ പ്രതികരിച്ചു.

‘‘പാക്കിസ്ഥാനിലെ സാഹചര്യങ്ങളിൽ മെഹ്ദി ഹസൻ മിറാസ് മികച്ച രീതിയിൽ പന്തെറിഞ്ഞ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയ്ക്കെതിരെയും ഇതേ പ്രകടനം തുടരുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.’’ ഷന്റോ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പത്ത് വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് നേടിയത്. രണ്ടാം മത്സരം ആറു വിക്കറ്റിനു വിജയിച്ചതോടെ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് പരമ്പരയും ബംഗ്ലദേശ് സ്വന്തമാക്കി. നല്ല പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാഞ്ഞതോടെ പാക്കിസ്ഥാൻ നാട്ടിൽ നടക്കുന്ന പത്താം ടെസ്റ്റും വിജയമില്ലാതെ അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News