മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം; സിക്കിമിനെ 132 റൺസിന് തോൽപ്പിച്ചു

Update: 2023-10-23 14:10 GMT

മുഷ്താഖ് അലി ട്രോഫി ട്വന്റി ട്വന്റിയിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം ജയം. ഇന്ന് നടന്ന കളിയിൽ സിക്കിമിനെ 132 റൺസിനാണ് ടീം തോൽപ്പിച്ചത്. നിലവിൽ പോയിൻറ് പട്ടികയിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് കേരളം. ചണ്ഡിഗഢ്, ബിഹാർ, സർവീസസ്, ഹിമാചൽ പ്രദേശ് എന്നീ ടീമുകളെ കഴിഞ്ഞ മത്സരങ്ങളിൽ ടീം തോൽപ്പിച്ചിരുന്നു. കേരളത്തിനായി രോഹൻ കുന്നുമ്മൽ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റിന് 221 റൺസെടുത്തു. വിഷ്ണു വിനോദ് 79 റൺസ് നേടി. സിക്കിമിന്റെ ഇന്നിങ്‌സ് ഒൻപതു വിക്കറ്റിന് 89 റൺസിൽ അവസാനിച്ചു.

നായകൻ സഞ്ജു സാംസൺ ബാറ്റിംഗിനിറങ്ങിയില്ല. വിക്കറ്റ് കീപ്പർ വരുൺ നായനാർ ആറ് റൺസെടുത്ത് പുറത്തായി. അജ്‌നാസ് റഷീദ് എം 25 റൺസെടുത്ത് മടങ്ങി. അബ്ദുൽ ബാസിത്ത് (4) പുറത്താകാതെ നിന്നു. സിക്കിം നിരയിൽ 26 റൺസെടുത്ത അൻകൂർ മാലികാണ് ടോപ് സ്‌കോറർ. വിക്കറ്റ്കീപ്പർ ആശിഷ് താപ്പ 25 റൺസെടുത്തു. നായകൻ നീലേഷ് ലാമിചനേയും പാൽസറും 11 റൺസ് നേടിയതൊഴിച്ചാൽ മറ്റാരും രണ്ടക്കം കടന്നില്ല. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, പത്തിരിക്കാട്ട് മിഥുൻ, സിജോമോൻ ജോസഫ് എന്നിവരാണ് ബൗളിംഗിൽ കേരളത്തിനായി തിളങ്ങിയത്. വൈശാഖ് ചന്ദ്രനും സുരേഷ് വിശ്വേശറും ഓരോ വിക്കറ്റ് വീഴ്ത്തി.


Tags:    

Similar News