ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഷമി കളിച്ചിട്ടില്ല. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും അതുപോലെ ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരത്തേയും ആരാധകരേയും നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് വിവരം.
ബംഗാളിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഷമി കളിച്ചേക്കില്ല. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമായി വരുന്നതേയുള്ളു. ഫിറ്റ്നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ കളിയിൽ നിന്ന് വിട്ടുനില്‍ക്കാനാണ് ഷമിയുടെ തീരുമാനം. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായി. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും താരം ഇക്കാര്യം നിഷേധിച്ചു. ഇനി ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.