സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. രോഹന്‍ കുന്നുമ്മല്‍ (45), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (പുറത്താവാതെ 40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തിന് ഗുണം ചെയ്തത്. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര 19.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 18 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്ന ദിവ്യാങ് ഹിംഗനേക്കറാണ് മഹാരാഷ്ട്രയുടെ വിജയശില്‍പി. രാഹുല്‍ ത്രിപാദി 28 പന്തില്‍ 44 റണ്‍സ് നേടി.
അത്ര നല്ല തുടക്കമായിരുന്നില്ല മഹാരാഷ്ട്രയ്ക്ക്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിന്റെ (1) വിക്കറ്റ് അവര്‍ക്ക് നഷഷ്ടമായി. തുടര്‍ന്ന് രാഹുല്‍ ത്രിപാദി (28 പന്തില്‍ 44) - അര്‍ഷിന്‍ കുല്‍ക്കര്‍ണി സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി അബ്ദുള്‍ ബാസിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. ഓപ്പണര്‍ മടങ്ങിയെങ്കിലും എ എന്‍ കാസിയെ (32) കൂട്ടുപിടിച്ച് ത്രിപാദി 49 റണ്‍സും ടോട്ടലിനൊപ്പം ചേര്‍ത്തു. ഇരുവരും അധികം വൈകാതെ മടങ്ങി. എന്‍ എസ് നായ്ക്ക് (10), ധന്‍രാജ് ഷിന്‍ഡെ (4) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ ഹിംഗനേക്കര്‍ ഒരറ്റത്ത് ഉറച്ചുനിന്നതോടെ മഹാരാഷ്ട്രയ്ക്ക് വിജയം. ആര്‍ എസ് ഘോഷ് (5 പന്തില്‍ പുറത്താവാതെ 13) നിര്‍ണാകയ സംഭാവന നല്‍കി.
അവസാന ഓവറില്‍ ഏഴ് റണ്‍സാണ് മഹാാരഷ്ട്രയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഖില്‍ സ്‌കറിയയുടെ ആദ്യ പന്ത് വൈഡ്. രണ്ടാം പന്തില്‍ ഒരു റണ്‍. വീണ്ടും മറ്റൊരു സിംഗിള്‍. പിന്നീട് വേണ്ടത് ജയിക്കാന്‍ നാല് പന്തില്‍ അഞ്ച് റണ്‍. അടുത്ത പന്തില്‍ ഡബ്ബിള്‍ ഓടിയെടുത്തു. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍ മാത്രം. അടുത്ത പന്തില്‍ റണ്ണില്ല. അടുത്ത പന്തില്‍ ബൗണ്ടറിയിലേക്ക് പായിച്ച് ദിവ്യാങ് ഹിംഗനേക്കര്‍ മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിച്ചു.
ഭേദപ്പെട്ട തുടക്കമായിരുന്നു കേരളത്തില്‍ ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19) - രോഹന്‍ സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സഞ്ജുവിനെ, അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്താക്കി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിനും (9) തിളങ്ങാനായില്ല. സല്‍മാന്‍ നിസാറും (1) വന്നത് പോലെ മടങ്ങിയതോടെ കേരളം മൂന്നിന് 55 എന്ന നിലയിലായി. പിന്നീട് രോഹന്‍ - അസറുദ്ദീന്‍ സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹന്‍ മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.
രോഹന്‍ മടങ്ങിയെങ്കിലും സച്ചിനൊപ്പം ചേര്‍ന്ന അസറുദ്ദീന്‍ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 48 റണ്‍സാണ് ചേര്‍ത്തത്. 29 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. അസര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അബ്ദുള്‍ ബാസിത് (14 പന്തില്‍ 24) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. അവസാന ഓവറിലാണ് ബാസിത് മടങ്ങുന്നത്. അതേ ഓവറില്‍ വനോദ് കുമാറും (0) പുറത്തായി. അഖില്‍ സ്‌കറിയ (4), സച്ചിന്‍ ബേബിക്കൊപ്പം (40) പുറത്താവാതെ നിന്നു. 25 പന്തുകള്‍ നേരിട്ട സച്ചിന്‍ രണ്ട് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു.