ഐഎസ്എല്ലിൽ ആറാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ് എഫ്സി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം ജയം ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കോച്ചും ക്യാപ്റ്റനും ഇല്ലാതെ ആകും കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. എന്നാലും മൂന്ന് പോയിന്റില്ലാതെ കളം വിട്ടാല്‍ കുറച്ചിലാവും കേരള ബ്ലാസ്റ്റേഴ്‌സിന്. എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടത്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവാന്‍ വുകോമനോവിച്ചിന് സസ്‌പെന്‍ഷന്‍. സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും ടച്ച് ലൈനില്‍ നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടാവുക. പക്ഷെ വലിയ തിരിച്ചടി അതല്ല. കളിമെനയുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പരിക്ക്മൂലം കളിക്കില്ല. ലൂണ ദീര്‍ഘകാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നുംറിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഗോളും നാലും അസിസ്റ്റുമായി മുന്നില്‍ നിന്ന് നയിക്കുന്ന ലൂണയുടെ വിടവ് നികത്തുക എളുമാകില്ല. ദിമിത്രിയോസ് ഡയമന്റക്കോസും, ക്വാമി പെപ്രയും കണ്ടറിഞ്ഞ് കളിച്ച് ക്യാപ്റ്റന്റെ കുറവ് നികത്തുമെന്ന് കരുതാം. പ്രതിരോധനിരയിലും പൊളിച്ചെഴുത്തുണ്ടാകും.
ലെസ്‌കോവിച്ച് കളിക്കുമെന്ന് ഡോവന്‍ സൂചന നല്‍കിയിരുന്നു. 9 കളിയില്‍ 17 പോയിന്റുമായി നിലവില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 13 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് പത്തെണ്ണം. അതേസമയം ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ പഞ്ചാബിന് ഒറ്റക്കളി ജയിക്കാനായിട്ടില്ല. വെറും അഞ്ച് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്. ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സും പഞ്ചാബും മുഖാമുഖം വന്നത് ഒറ്റത്തവണ. സൂപ്പര്‍കപ്പില്‍ ഏറ്റമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പം.
റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്സിന് പിഴ.