പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 ഇന്ന്

Update: 2024-10-09 05:59 GMT

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകര്‍ത്തത്.

ഇന്നും ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട ഓപ്പണിങ് നേടിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു മികച്ച ഇന്നിങ്‌സ് പുറത്തെടുത്തേ മതിയാകു. കഴിഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായ അഭിഷേക് ശര്‍മ്മയ്ക്കും മികച്ച സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്.

ആദ്യമത്സരത്തില്‍ നാലം നമ്പറില്‍ ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി ഒഴികെ മറ്റു ബാറ്റര്‍മാരെല്ലം 150ന് മുകളില്‍ പ്രഹരശേഷി പുറത്തെടുത്തിരുന്നു. നിതീഷിന് 15 പന്തില്‍ 16 റണ്‍സെ എടുക്കാനായുള്ളു. നിതീഷിന് പകരം നാലാം നമ്പറില്‍ റിയാന്‍ പരാഗിനെയോ, തിലക് വര്‍മയെയോ പരിക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്നുവീതം വിക്കറ്റെടുത്ത് തിളങ്ങി. അതിവേഗ പേസര്‍ മായങ്ക് യാദവും ഹര്‍ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ, ബൗളിങ്ങ് ടീമും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ന് പേസ് ബൗളര്‍ ഹര്‍ഷിത് റാണെയെ പരീക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    

Similar News