തകർന്നടിഞ്ഞ് പാകിസ്താൻ; ഇന്ത്യക്ക് 192 റൺസ് വിജയലക്ഷ്യം

Update: 2023-10-14 12:29 GMT

ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത സന്ദർശകർ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ്സ്‌കോറർ. രണ്ടിന് 150 റൺസ് എന്ന നിലയിൽ നിന്നാണ് പാകിസ്താൻ തകർന്നടിഞ്ഞത്. ഇന്ത്യയുടെ അഞ്ചു ബൌളർമാർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

മോദി സ്റ്റേഡിയത്തിലെ ഫ്ളാറ്റ് വിക്കറ്റിൽ മികച്ച നിലയിലായിരുന്നു പാകിസ്താന്റെ തുടക്കം. സ്‌കോർ 41ൽ നിൽക്കെ എട്ടാം ഓവറിലാണ് പാകിസ്താന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. 20 റൺസെടുത്ത അബ്ദുല്ല ഷഫീഖ് ആണ് പുറത്തായത്. താരത്തെ പേസർ മുഹമ്മദ് സിറാജ് വിക്കറ്റിന് മുമ്പിൽ കുരുക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ബാബർ അസമും ഇമാമുൽ ഹഖും കരുതലോടെ ബാറ്റു വീശി. മികച്ച രീതിയിയിൽ ബാറ്റു ചെയ്ത ഇമാമുൽ ഹഖിനെ പാണ്ഡ്യ കീപ്പർ രാഹുലിന്റെ കൈയിലെത്തിയതോടെ വീണ്ടും ബ്രേക്ക് ത്രൂ. 38 പന്തിൽനിന്ന് 36 റൺസായിരുന്നു ഹഖിന്റെ സമ്പാദ്യം. എന്നാൽ പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും ബാബറും ചേർന്ന് ഇന്നിങ്സിന് നങ്കൂരമിട്ടു. സിംഗിളും ഡബിളുമെടുത്ത് സ്‌കോർ ചലിപ്പിച്ച ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളും നേടി.

എന്നാൽ മുപ്പതാം ഓവറിൽ ബാബറും 33-ാം ഓവറിൽ റിസ്വാനും പുറത്തായതോടെ പാക് ഇന്നിങ്സിന്റെ നടുവൊടിഞ്ഞു. ബാബർ 58 പന്തിൽ നിന്ന് അമ്പത് റൺസെടുത്തു. മുഹമ്മദ് സിറാജാണ് അസമിനെ വീഴ്ത്തിയത്. 49 റൺസെടുത്ത റിസ്വാനെ ബുംറ ബൗൾഡാക്കി.

തൊട്ടുപിന്നാലെ എത്തിയ സൗദ് ഷക്കീലിനും ഇഫ്തിഖാർ അഹമ്മദിനും തിളങ്ങാനായില്ല. പത്തു പന്തിൽ നിന്ന് ആറു റൺസെടുത്ത സൗദിനെ കുൽദീപ് വിക്കറ്റിന് മുമ്പിൽ കുടുക്കി. ഇഫ്തിഖാറിന്റെ വിക്കറ്റും കുൽദീപിനായിരുന്നു. വൈഡെന്നു തോന്നിച്ച പന്ത് പാക് ബാറ്ററുടെ കൈയിൽ തട്ടി സ്റ്റംപിളക്കുകയായിരുന്നു. അവസാന ഏഴു ബാറ്റർമാരിൽ ഹസൻ അലി മാത്രമാണ് (12) രണ്ടക്കം കടന്നത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ ഏഴ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പനി മൂലം ആദ്യ രണ്ടു മത്സരത്തിൽ ഇല്ലാതിരുന്ന ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ഇഷാൻ കിഷനാണ് പുറത്തായത്.

Similar News